മോശം പ്രകടനം കാരണം ജോലിയിൽനിന്ന് പിരിച്ചുവിടാനാകുമോ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? മോശം പ്രകടനം കാരണം നോട്ടീസ് നൽകാതെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ടോ? -രാജൻ
കരാർ പ്രകാരമുള്ള തൊഴിൽ ചെയ്യാൻ കഴിവ് കുറവാണെന്നുള്ള കാരണം കൊണ്ട് ജോലിയിൽനിന്ന് പിരിച്ചുവിടാൻ പാടില്ല. ഈ കാരണം കൊണ്ട് തൊഴിൽ കരാർ റദ്ദ് ചെയ്യണമെങ്കിൽ തൊഴിലാളിക്ക് കുറഞ്ഞത് 60 ദിവസത്തെ സമയം സ്വയം മെച്ചപ്പെടുത്താൻ അല്ലെങ്കിൽ കഴിവുതെളിയിക്കാൻ നൽകണം. എന്നിട്ടും കഴിവ് തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകി തൊഴിൽ കരാർ റദ്ദാക്കാൻ തൊഴിലുടമക്ക് സാധിക്കും. കരാർ റദ്ദാക്കുമ്പോൾ തൊഴിലാളിക്ക് നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകണം. അതായത്, ശമ്പളം, അവധി ബാക്കിയുണ്ടെങ്കിൽ അതിന്റെ ശമ്പളം, ലീവിങ് ഇൻഡെമ്നിറ്റി, സർവിസ് സർട്ടിഫിക്കറ്റ് എന്നിവ.
? ഇവിടെ ഒരു കമ്പനിയിൽ അവരുടെ വിസയിൽ ജോലിചെയ്യുമ്പോൾ വേറെ പാർട് ടൈം ജോലിയോ മറ്റെന്തെങ്കിലും കാര്യമോ ചെയ്യുന്നതിന് നിയമതടസ്സമുണ്ടോ? -റസാഖ്
എൽ.എം.ആർ.എ നിയമപ്രകാരം തൊഴിൽ വിസയിൽ പറഞ്ഞിരിക്കുന്ന തൊഴിലുടമയുടെ കൂടെ അല്ലാതെ വേറെ ഒരു സ്ഥലത്തും ജോലി ചെയ്യാൻ പാടില്ല. അതുപോലെ, വിസയിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തും അതേ ജോലിയും മാത്രമേ ചെയ്യാൻ പാടുള്ളൂ. ഈ വ്യവസ്ഥകളെല്ലാം എൽ.എം.ആർ.എ വളരെ കർശനമായി പരിശോധിക്കുന്നുണ്ട്. നിയമലംഘനം ഉണ്ടെങ്കിൽ അതിന് നടപടിയും എടുക്കുന്നുണ്ട്. ഇത് സംബന്ധമായ വ്യവസ്ഥകൾ തൊഴിൽ നിയമത്തിലുണ്ട്. ഒരു തൊഴിലാളി സ്വന്തമായോ മറ്റാരെങ്കിലും മുഖേനയോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല;
തൊഴിൽ സംബന്ധമായ എന്തെങ്കിലും രേഖകൾ സ്വന്തമായി സൂക്ഷിക്കാൻ പാടില്ല.
ശമ്പളത്തിനോ അല്ലാതെയോ മറ്റൊരു ജോലിയും ചെയ്യാൻ പാടില്ല.
ബാങ്കിൽനിന്നല്ലാതെ തൊഴിലുടമയുടെ ഇടപാടുകാരിൽനിന്നോ മറ്റാരുടെയെങ്കിലും കൈയിൽനിന്നോ പണം കടം വാങ്ങാൻ പാടില്ല.
തൊഴിലുടമയുടെ സമ്മതമില്ലാതെ കമീഷൻ, സമ്മാനം തുടങ്ങിയ ഉപഹാരങ്ങളൊന്നും സ്വീകരിക്കരുത്. അതുപോലെ, സംഭാവന വാങ്ങുകയോ ഒപ്പു ശേഖരിക്കുകയോ യോഗം ചേരുകയോ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.