ബഹ്റൈനിൽ കുറഞ്ഞ വരുമാനക്കാർക്കുള്ള സഹായം റമദാനിൽ ഇരട്ടിയാക്കും
text_fieldsമനാമ: കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സാമ്പത്തികസഹായം റമദാനിൽ ഇരട്ടിയാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. റമദാന് മുന്നോടിയായി സഹായം വിതരണം ചെയ്യാൻ തൊഴിൽ, സാമൂഹികക്ഷേമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് ജനുവരി മുതൽ സാമ്പത്തികസഹായം 10 ശതമാനം വർധിപ്പിച്ചിരുന്നു.
റമദാൻ അടുത്ത സാഹചര്യത്തിൽ അടിസ്ഥാന ഭക്ഷണസാധനങ്ങളുടെ വില വർധിക്കുന്നത് തടയാൻ മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തെ ഇക്കാര്യം ചുമതലപ്പെടുത്തുകയും ചെയ്തു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.
സൗദിയിലെ റിയാദ് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന എണ്ണശുദ്ധീകരണശാലക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സൗദി സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഇറാഖിലെ കുർദിസ്താൻ പ്രവിശ്യക്കുനേരെയുണ്ടായ മിസൈൽ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഇറാഖ് സ്വീകരിക്കുന്ന നടപടികൾക്ക് ബഹ്റൈൻ പിന്തുണ അറിയിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.