പ്രവാസി തൊഴിലാളികൾക്ക് സഹായം: ഇൻഷുറൻസ് മാതൃകയിൽ ഫണ്ട് രൂപവത്കരിക്കണം -എം.ഡബ്ല്യു.പി.എസ് ചെയർപേഴ്സൻ
text_fieldsമനാമ: തൊഴിലുടമകൾ ശമ്പളം നൽകാത്ത സാഹചര്യമുണ്ടാകുമ്പോൾ കഷ്ടത്തിലാകുന്ന പ്രവാസി തൊഴിലാളികളെ സഹായിക്കാൻ ഇൻഷുറൻസ് മാതൃകയിൽ ഫണ്ട് രൂപവത്കരിക്കേണ്ടതുണ്ടെന്ന് മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) ചെയർപെഴ്സൺ മോന അൽ മുഅയ്യദ്.
ബിസിനസുകാർ തൊഴിലാളികളൂടെ ശമ്പളം കുടിശിക വരുത്തുകയും പാപ്പരാകുകയും ചെയ്താൽ ഈ ഫണ്ടിൽനിന്ന് തൊഴിലാളികളെ സഹായിക്കാനാകും. പ്രവാസി തൊഴിലാളിയുടെ പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ തന്നെ തൊഴിലുടമകളിൽനിന്ന് ഈ ഫണ്ടിലേക്ക് തുക ഈടാക്കണം.
ഈ നിർദ്ദേശം ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റി( എൽ.എം. ആർ.എ) യുടെ മുമ്പിൽ വെക്കുകയാണെന്നും തൊഴിലാളികൾക്ക് വളതെയേറെ പ്രയോജനം ചെയ്യുന്നതാണിതെന്നും അവർ പറഞ്ഞു. കമ്പനികൾ പാപ്പരാകുന്ന സാഹചര്യങ്ങളിൽ തൊഴിലാളികളെ പിന്തുണയ്ക്കാൻ ഈ ഫണ്ടിലൂടെ കഴിയും.
കമ്പനിക്ക് നഷ്ടം സംഭവിക്കുന്നതും പാപ്പരാകുന്നതും തൊഴിലാളിയുടെ തെറ്റുകൊണ്ടല്ല. ചെയ്ത ജോലിക്ക് നിശ്ചയമായും പ്രതിഫലത്തിന് അവർക്ക് അർഹതയുണ്ട്. കോവിഡ് -19 മഹാമാരിയുടെ സമയത്ത് വേതനം നൽകാത്തത് സംബന്ധിച്ചും ഇൻഡമ്നിറ്റി നൽകാത്തതും സംബന്ധിച്ചും പരാതികൾ ധാരാളമായെത്തിയിരുന്നു.
2020 ൽ എം.ഡബ്ല്യു.പി.എസ് ഇത്തരം എട്ട് കേസുകൾ കൈകാര്യം ചെയ്തു. 2021-ൽ കേസുകളുടെ എണ്ണം നാലായി കുറഞ്ഞു. കഴിഞ്ഞ വർഷം അത്തരം മൂന്ന് കേസുകളാണ് സൊസൈറ്റി കൈകാര്യം ചെയ്തത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവാസി സംരക്ഷണ കേന്ദ്രം സ്ഥാപിതമായതിനുശേഷം കേസുകളുടെ എണ്ണം കുറഞ്ഞുവെന്ന് മോന അൽ മുഅയ്യദ് ചൂണ്ടിക്കാട്ടി.
ശമ്പളം നൽകാതിരിക്കുക, തൊഴിലാളികളെ ദുരുപയോഗം ചെയ്യുക തുടങ്ങിയ കേസുകളിൽ പ്രവാസി സംരക്ഷണ കേന്ദ്രം പരാതികൾ സ്വീകരിക്കുന്നു. വീട്ടുജോലിക്കാരുടെ കേസുകളാണ് കൂടുതലായി ലഭിക്കുന്നത്. അത്തരം കേസുകളിൽ വീണ്ടും തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ തടയാനും പ്രശ്നം പരിഹരിക്കാനുമുള്ള അധികാരം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്കുണ്ട്.
2015 ൽ സ്ഥാപിതമായ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലുള്ള പ്രവാസി സംരക്ഷണ കേന്ദ്രം കുടിയേറ്റ തൊഴിലാളികൾക്കുള്ള സേവന കേന്ദ്രമായി മാറിയിട്ടുണ്ട്.
മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള ദേശീയ സമിതിയുടെ ആസ്ഥാനം എന്നതിനു പുറമേ, ഇരകൾക്ക് അഭയകേന്ദ്രം എന്ന നിലയിലും അത് പ്രവർത്തിക്കുന്നു. എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും സഹായവും പരിരക്ഷയും നൽകുന്നതിന് കേന്ദ്രം പ്രതിജ്ഞാബന്ധമാണ്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി നിയമ ബോധവൽക്കരണവും കാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്.
ഗാർഹിക തൊഴിലാളികളെ പ്പറ്റിയുള്ള ധാരണ മാറ്റാൻ ഈ കാമ്പയിനുകൾ സഹായകരമാണ്. ജോലിക്കാരെ അടിമകളെപ്പോലെയല്ല, കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കുകയാണ് വേണ്ടത്. പുലർച്ചെ മുതൽ അർദ്ധരാത്രി വരെ ഇവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് അന്യായമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.