സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ഉയർന്ന ലേബർ ഫീസ്; നിർദേശത്തിന് പാർലമെന്റിന്റെ അംഗീകാരം
text_fieldsമനാമ: നിർദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ, വിദേശികളെ ജോലിക്കെടുക്കുകയാണെങ്കിൽ അവരിൽനിന്ന് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. ഇത് അവലോകനത്തിനായി മന്ത്രിസഭക്ക് കൈമാറിയിട്ടുണ്ട്.
ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ബഹ്റൈനൈസേഷൻ ക്വോട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഒരു ജീവനക്കാരന് 2,500 ദീനാർവരെ എന്ന ക്രമത്തിൽ ഉയർന്ന ലേബർ ഫീസ് ഈടാക്കാനാണ് നിർദേശം.ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കാണ് ശിപാർശ ചെയ്യുന്നത്.
പ്രതിമാസ വേതനം 200 ദീനാർവരെയുള്ള ഒരു തൊഴിലാളിയെ ജോലിക്കെടുക്കുമ്പോൾ സ്ഥാപനം 500 ദീനാർ ലേബർ ഫീസ് നൽകണം. 201നും 500നും ഇടയിൽ ശമ്പളമുള്ളവർക്ക് 1000 ദീനാർ, 501 ദീനാറിനും 800 ദിനാറിനും ഇടയിലാണ് ശമ്പളമെങ്കിൽ 1,500 ദീനാർ. 801 മുതൽ 1,200 വരെ ശമ്പളമുള്ളവർക്ക് 2,000 ദിനാർ, 1,200ൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2,500 ദീനാർ എന്നിങ്ങനെയാണ് ഫീസ് നിർദേശം.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന തൊഴിൽ ഫീസിന് പുറമെയായിരിക്കുമിത്. വർധിച്ച ഫീസ് വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും വ്യക്തമാക്കി ബഹ്റൈൻ ചേംബർ ഈ നിർദേശത്തെ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.