ബ്രൂണെ സുൽത്താനെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ബ്രൂണെ ദാറുസ്സലാം സുൽത്താൻ ഹാജ് ഹസൻ അൽബൽഖിയയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ഗുദൈബിയ പാലസിൽ നടന്ന സ്വീകരണച്ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബ്രൂണെ ദാറുസ്സലാം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് അബ്ദുൽ മതീൻ, യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ സന്നിഹിതരായിരുന്നു. ഔദ്യോഗിക സ്വീകരണച്ചടങ്ങുകൾക്ക് ശേഷം ഉന്നത വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും ചർച്ച നടത്തി. ബഹ്റൈനും ബ്രൂണെ ദാറുസ്സലാമും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. ശൂറാ കൗൺസിൽ ചെയർമാൻ, പാർലമെന്റ് അധ്യക്ഷൻ എന്നിവരുടെ സാന്നിധ്യത്തിലും ചർച്ചകൾ നടന്നു. സുൽത്താൻ ഹാജ് ഹസൻ അൽബൽഖിയയുടെ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും ശക്തമാക്കാനുപകരിക്കുമെന്ന് ഹമദ് രാജാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക, വ്യാപാര, നിക്ഷേപ, സാംസ്കാരിക, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചു.
ഹ്റൈൻ നൽകിയ സ്വീകരണത്തിന് ബ്രൂണെ സുൽത്താൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ചർച്ചകൾക്കായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു. സ്ത്രീ ശാക്തീകരണ വിഷയത്തിൽ ബ്രൂണെ ദാറുസ്സലാമും ബഹ്റൈനും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു. ബഹ്റൈൻ വനിത സുപ്രീം കൗൺസിൽ സെക്രട്ടറി ഹാല മുഹമ്മദ് ജാബിർ അൽ അൻസാരി, ബ്രൂണെ യുവജന, സാംസ്കാരിക, കായിക മന്ത്രി ദാതോശ്രീ ഹാജ് നദമി ബിൻ ഹാജ് മുഹമ്മദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ഇൻഫർമേഷൻ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിന് ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയും ബ്രൂണെ പ്രധാനമന്ത്രി ഓഫിസ്, ധനകാര്യ രണ്ടാം മന്ത്രിയുമായ ദാതേ ശ്രീസീതിയ ഹാജ് അവാംഗാ മുഹമ്മദ് അമീൻ ലിയോ ബിൻ അബ്ദുല്ലയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. സാംസ്കാരിക, വിവര വിനിമയ, പ്രസിദ്ധീകരണ മേഖലയിൽ സഹകരിക്കുന്നതിന് ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയും ബ്രൂണെ യുവജന, സാംസ്കാരിക, കായികമന്ത്രി ദാതോ ശ്രീ ഹാജ് നദമി ബിൻഹാജ് മുഹമ്മദ് എന്നിവരും കരാറിൽ ഒപ്പുവെച്ചു.
വിദ്യാഭ്യാസ, ഐ.ടി, ഉന്നത വിദ്യാഭ്യാസ, വിവര കൈമാറ്റ മേഖലകളിൽ സഹകരിക്കുന്നതിന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅയും ബ്രൂണെ വിദ്യാഭ്യാസകാര്യ മന്ത്രി ദാതൻശ്രീസീതിയ ദായിങ് ഹാജ റുമൈസ ബിൻത് ഹാജ് മുഹമ്മദ് സാലിഹും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ക്ലൗഡ് സെൻററുകൾ തമ്മിൽ സംയുക്ത വിവര കൈമാറ്റത്തിനുള്ള അവകാശത്തിനുള്ള സഹകരണത്തിനായി ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബ്രൂണെ പ്രധാനമന്ത്രി ഓഫിസ്, ധനകാര്യ രണ്ടാം മന്ത്രിയുമായ ദാതേ ശ്രീസീതിയ ഹാജ് അവാംഗാ മുഹമ്മദ് അമീൻ ലിയോ ബിൻ അബ്ദുല്ല എന്നിവർ തമ്മിൽ കരാറിൽ ഒപ്പുവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.