Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഓണർ എമങ് അസ്’:...

‘ഓണർ എമങ് അസ്’: പ്രവാസിയുടെ ആന്തരിക സംഘർഷങ്ങൾ

text_fields
bookmark_border
‘ഓണർ എമങ് അസ്’: പ്രവാസിയുടെ ആന്തരിക സംഘർഷങ്ങൾ
cancel

പ്രവാസലോകത്തെ ആന്തരിക സംഘർഷങ്ങളും, പ്രവാസികളുടെ ദുരിതങ്ങളും പ്രമേയമായ നോവലുകളുൾപ്പടെ നിരവധി സാഹിത്യകൃതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിൽനിന്നെല്ലാം വ്യത്യസ്‌തമായി , പ്രവാസം തിരഞ്ഞെടുത്ത പുതിയ തലമുറയുടെ മനസംഘർഷങ്ങളെയും മൂല്യവിചാരങ്ങളെയും മുൻപുള്ള നാല് തലമുറകളുടെ പാപപുണ്യങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്ന നേവലാണ് ‘ഓണർ എമങ് അസ്’. ദീർഘകാലമായി പ്രവാസലോകത്ത് വിദ്യാഭ്യാസ​രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സുജ ജയപ്രകാശ് മേനോനാണ് ഇംഗ്ലീഷിലെഴുതപ്പെട്ടിരിക്കുന്ന നോവലിന്റെ കർത്താവ്. യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെന്ററിന്റെ ഡയറക്ടറായ സുജ ജയപ്രകാശ് മേനോൻ, സുജ കല്യാണി ഗോപാൽ എന്ന തൂലിക നാമത്തിലാണ് പുസ്തകമെഴുതിയത്.

കഥാകൃത്തിന്റെ പൂർവികരുടെ ജൻമസ്ഥലമായ പാലക്കാട് ജില്ലയിലെ വാണിയം കുളത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങുന്ന നോവൽ അറേബ്യൻ പ്രവാസഭൂമിയിലേക്കും അവിടെ നിന്ന് വിശ്വമാനവികതയിലേക്കും മാറുന്നു. ദാർശനികമായ ഉൾക്കാഴ്ചകളോടെ ഇന്ത്യൻ സംസ്കാരത്തെയും ധാർമ്മികതയെയും സ്നേഹം, അഭിമാനം, അന്തസ്, സൻമാർഗ്ഗം, ആത്മീയത, വിധി എന്നിവയേയും നോവിലിസ്റ്റ് പുനർചിന്തനം ചെയ്യുന്നു. എന്നാൽ തന്റേതായ നിഗമനങ്ങൾ വായനക്കാരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നുമില്ല. ആ​ഗോളമായ മാനം നാല്തലമുറകൾ നീളുന്ന കഥാപരിസരത്തിന് കൈവരുകയാണ്. ഈ തലമാണ് നോവലിനെ ശ്രദ്ധേയമാക്കുന്നതും. റൈറ്റേഴ്സ് ഇന്റർനാഷണൽ എഡിഷൻ പ്രസിദ്ധീകരിച്ച ആദ്യ നോവലിലൂടെ തന്നെ ​ശ്രദ്ധേയയായി മാറിയ സുജ കല്യാണി ഗോപാൽ ത​ന്റെ കൃതിയേക്കുറിച്ചും ദർശനത്തെക്കുറിച്ചും സംസാരിക്കുന്നു.

വിദ്യാഭ്യാസ വിചക്ഷണ എന്ന നിലയിൽ പ്രശസ്തയാണ് താങ്കൾ. സാഹിത്യ രചനയിലേക്ക് എത്തിപ്പെടാനിടയാക്കിയ സാഹചര്യം വിശദമാക്കാമോ?

പാലക്കാട് ജില്ലയിലെ വാണിയംകുളത്താണ് എന്റെ തറവാട്. ജനിച്ചതും വളർന്നതും ഉത്തരേന്ത്യയിലും, പിന്നീട് പാലക്കാടും ആണ്. പിൽക്കാലത്തു വിവാഹശേഷം പ്രവാസം സ്വീകരിക്കുകയായിരുന്നു. യൂനിഗ്രാഡ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ ഏറെക്കാലമായി ശ്രദ്ധിക്കുന്നു. അധ്യാപിക, വിദ്യാഭ്യാസ പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ മൂല്യങ്ങൾ സംബന്ധിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലും ആ ആശയങ്ങൾ ഒരു പരിധി വരെ നടപ്പാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. മക്കൾക്കും പേരക്കുട്ടികൾക്കും ഭാവി തലമുറയ്ക്കും വേണ്ടി നമ്മുടേതായ എന്തെങ്കിലും അവശേഷിപ്പിക്കേണ്ടതുണ്ടെന്ന തോന്നലിൽ നിന്നാണ് നോവലിന്റെ പിറവി. ടോൾ സ്റ്റോയ്, എം.ടി വാസുദേവൻ നായർ എന്നിവരുടെ കൃതികൾ ചെറുപ്പം മുതൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പുതിയ എഴുത്തുകാരിൽ ഖാലിദ് ഹുസ്സയിനി യുടെ നോവലുകൾ ഇഷ്ടമാണ്. മനുഷ്യബന്ധങ്ങൾ, സ്നേഹം, അന്തസ്സ്, ധാർമ്മികത, ആത്മീയത, വിധി തുടങ്ങിയവയെപ്പറ്റിയുള്ള ഒരു പുനർവിചിന്തനമാണ് ഞാൻ നോവലിൽ നടത്തിയിട്ടുള്ളത്. നോവൽ വായിച്ച സുഹൃത്തുക്കൾ നല്ല അഭിപ്രായം പറഞ്ഞു. തുടർന്ന് പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂലൈ 7-ന് ഡൽഹിയിൽ വച്ച് മിസോറി സിറ്റി മേയർ റോബിൻ ജെ. എലക്കാട്ടാണ് പ്രകാശനം നിവർവഹിച്ചത്. തുടർന്ന് ബഹ്‌റൈനിൽ ഹോവർ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ സജിത സതീഷ്, ബംഗ്ലാദേശ് സ്‌കൂൾ പ്രിൻസിപ്പൽ അരുൺ നായർക്ക് കോപ്പി നൽകി ബഹ്റൈനിലും നോവൽ പ്രകാശനം ചെയ്തു.

സുജ കല്യാണി ഗോപാൽ എന്ന പേര് സ്വീകരിക്കാൻ ഉണ്ടായ സാഹചര്യം?

അമ്മയുടെ പേരായ കല്യാണിക്കുട്ടിയിൽ നിന്ന് കല്യാണി എന്ന പേരും അച്ഛന്റെ പേരായ ഗോപാലൻകുട്ടിയിൽ നിന്ന് ഗോപാൽ എന്ന പേരും സ്വീകരിക്കുകയായിരുന്നു. കൊച്ചുമക്കൾക്കും വരും തലമുറകൾക്കും വേണ്ടിയാണ് ഞാൻ സാഹിത്യ രചന നടത്തിയത്. മുൻ തലമുറകളുടെ പേരുകൾ അവർ മറക്കരുതെന്ന് ഞാൻ കരുതുന്നു. പുസ്തകത്തിന്റെ പ്രമേയവും അതുമായി ബന്ധമുള്ളതാണ്.

പുസ്‌തകത്തിന്റെ പ്രമേയമെന്താണ് ?

പുസ്തകത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. നാല് തലമുറകളുടെ കഥയാണ് എന്ന് പറഞ്ഞല്ലോ. ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ഒന്നും രണ്ടും തലമുറകളുടെ രൂപരേഖയാണ്. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും അധ്യായങ്ങൾ കേന്ദ്ര കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിലേക്കും മാനസികാവസ്ഥയിലേക്കും വെളിച്ചം വീശുന്നു. മൂന്നാം തലമുറയിലെ സഹോദരങ്ങളായ നന്ദിനി, ആദിനാരായണൻ, സുനീതി എന്നിവരുടെ കുടുംബബന്ധങ്ങളും വ്യക്തിത്വ രൂപവത്കരണവും. ഏഴാം അധ്യായത്തിലാണ് കഥ പ്രത്യേകമായ ഒരു തലത്തിലേക്ക് കടക്കുന്നത്.

ഭൂതകാലത്തെ ഏതു രീതിയിലാണ് താങ്കൾ കാണുന്നത്. ആധുനികമായ സങ്കൽപങ്ങളെ എതിർക്കുകയാണോ

ഭൂതകാലത്തിന്റെ, ചരിത്രത്തിന്റെ പ്രാധാന്യം നോവലിൽ ഊന്നിപ്പറയുന്നുണ്ട്. എന്നുവച്ച് ആധുനികതയെ നിരസിക്കലല്ല അത്. നമ്മുടെ അസ്തിത്വത്തിന്റെ കാതൽ, നമ്മുടെ ജീവിതം, നമ്മുടെ വിധി എല്ലാം നമ്മുടെ ഭൂതകാലത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഭൂതകാലത്തെ പററി വ്യക്തമായ ബോധ്യം ഇല്ലെങ്കിൽ വർത്തമാനകാലത്തെ വിലയിരുത്താനോ ഭാവിയെക്കുറിച്ച് വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും രാജ്യങ്ങൾക്കും ഇത് ബാധകമാണ്. ഒരു വ്യക്‌തിയുടെ വ്യക്‌തിത്വം അയാൾ ശേഖരിച്ച അറിവുകളും വിശ്വാസങ്ങളും അനുഭവങ്ങളും ആശ്രയിച്ചിരിക്കും.

ഭൂതകാലം എന്ന് പറയുമ്പോൾ അത് എന്റേത് മാത്രമല്ല,എന്റെ കുടുംബത്തിന്റെയും എന്റെ രാജ്യത്തിന്റെയും ചരിത്രം കൂടിയാണ്. നോവലിലെ കഥാപാത്രങ്ങളെ അവരുടെ ഭൂതകാലം പിന്തുടരുന്നുണ്ട്. ദുരന്തങ്ങൾ പുതുതലമുറയേയും വേട്ടയാടുന്നു. അത് മൂൻതലമുറയുടെ പാപപുണ്യങ്ങളുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

മനുഷ്യജീവിതത്തിന്റെ അർഥതലങ്ങളെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ​?

മനുഷ്യന്റെ അനുഭവങ്ങളുടെ സാർവത്രികതയെ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. സമ്പന്നരായാലും ദരിദ്രരായാലും വിദ്യാസമ്പന്നരായാലും വിദ്യാഭ്യാസമില്ലാത്തവരായാലും എല്ലാവരും വിവാഹം, കുട്ടികൾ, വിദ്യാഭ്യാസം, ജോലി എന്നിങ്ങനെയുള്ള ജനനമരണ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ മനുഷ്യജീവിതത്തെയും വ്യത്യസ്ഥമാക്കുന്നത് സന്തോഷത്തിനായുള്ള പരിശ്രമങ്ങളാണ്. സന്തോഷത്തിന്റെ ഉറവിടം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ചിലർക്ക് അത് പണമാണ്, അല്ലെങ്കിൽ അധികാരം, സ്നേഹം മുതലായവ ആകാം. അല്ലെങ്കിൽ ഇത് ഇവയെല്ലാം ചേർന്നതാകാം. ഇതിനെല്ലാം പുറമെയാണ് വിധി. വളരെ അവ്യക്തമായ ഒരു ആശയമാണത്. അതിനെ നിർദ്ധാരണം ചെയ്യാൻ ഞാൻ ശ്രമിക്കുന്നില്ല. സ്‌നേഹം, ത്യാഗം, അന്തസ്സ് എന്നിവയെ എന്റേതായ തലത്തിൽ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. നമ്മുടെ അനുഭവങ്ങൾക്കനുസരിച്ച് ഈ ആശയങ്ങളെ നിർവചിക്കാണ് ശ്രമിച്ചത്. വായനക്കാർക്ക് മേൽ അത് അടിച്ചേൽപിക്കാൻ ഞാനില്ല. ജീവിതയാത്രയിൽ നാം ശേഖരിക്കുന്ന അനുഗ്രഹങ്ങളും, ശാപങ്ങളുമാണ് നമ്മുടെ വിധി നിർണ്ണയിക്കുന്നത് എന്ന് ഞാൻ കരുതുന്നു.

നാല് തലമുറകളുടെ കഥയാണല്ലോ നോവലിന്റെ പ്രമേയം. ഭൂപരിഷ്കരണമൊക്കെ നോവലിന്റെ ആദ്യഭാഗത്ത് കടന്നുവരുന്നുണ്ട്

നാല് തലമുറകളുടെ പരസ്പരബന്ധിതമായ ജീവിതത്തിലൂടെ സ്നേഹം, ത്യാഗം, അന്തസ്സ്, ആഭിജാത്യം, സന്തോഷം തേടൽ എന്നിവയെ നോക്കിക്കാണാനാണ് ഞാൻ ശ്രമിച്ചത്. കേരളത്തിൽ ഭൂപരിഷ്‌കരണം നടന്നത് നോവലിൽ വിശദീകരിക്കുന്ന ആദ്യ തലമുറയുടെ കാലഘട്ടത്തിലാണ്. നിശ്ചയമായും അത് ആ തലമുറയെ ബാധിക്കുന്നുണ്ട്. അതിന്റെ ന്യായാന്യായങ്ങളിലേക്ക് ഞാൻ പോകുന്നില്ല. അത് സാമ്പത്തികത്തകർച്ചയിലേക്ക് നയിച്ച കുടുംബങ്ങളുണ്ട്. അതേ സമയം പുതിയ സാഹചര്യത്തിൽ പുതിയ മാർഗ്ഗങ്ങളിലൂടെ അതിൽ നിന്ന് കരകയറിയ കുടുംബങ്ങളുമുണ്ട്. അലസവും ആഡംബരപൂർണ്ണവുമായ ജീവിതം നയിച്ച സമ്പന്ന കുടുംബങ്ങൾ തകർന്നു.എന്നാൽ കഠിനാധ്വാനിയായിരുന്ന നന്ദിനി, ആദി, സുനീതിമാരുടെ അച്ഛന്റെ അച്ഛൻ വരുമാനത്തിന്റെ പുതിയ വഴികൾ കണ്ടെത്തുന്നുണ്ട്.

പ്രവാസി കുടുംബങ്ങളുടെ ഇടയിലെ സംഘർഷങ്ങളാണ് അവസാനഭാഗങ്ങളിൽ. ഇതിലൂടെ ഒരു സന്ദേശം നൽകാൻ ശ്രമിക്കുകയാണോ?

കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ നന്ദിനി, ഭർത്താവ് സേതുവിനൊപ്പം അബൂദബിയിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നു. എല്ലാ സാധാരണ വിദേശി മലയാളികളെയുംപോലെ അവരും കേരളത്തിൽ വലിയ വീട് നിർമ്മിക്കുകയും സാമ്പത്തിക ബാധ്യത വലിച്ചുവെക്കുകയും ചെയ്യുന്നുണ്ട്.സഹോദരങ്ങളിൽ ഏറ്റവും ഇളയവളായ സുനീതിയുടെ ദാമ്പത്യം പ്രശ്നഭരിതമാണ്.പക്ഷെ പങ്കാളിയിൽനിന്ന് ശാരീരിക പീഡനങ്ങളും ജീവന് ഭീഷണി വരെ നേരിടേണ്ടി വന്നിട്ടും ടോക്സിക്ക് ആയ ബന്ധത്തിൽനിന്ന് ഒഴിയാൻ അവൾക്ക് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് അവൾ അവനെ വിട്ടുപോകാത്തത് എന്ന ചോദ്യം സ്വാഭാവികമാണ്. അതിനുള്ള ഉത്തരം നോവൽ തേടുന്നുണ്ട്. ആദിയും ആദിയുടെ സുഹ്രത് ദിയയും പുതിയ തലമുറയുടെ ഉദാഹരണമാണ്. ജീവിതവിജയം കാംക്ഷിക്കുന്നവരാണവർ. പക്ഷെ തൊഴിൽപരമായ അഭിലാഷങ്ങളും വ്യക്തിജീവിതവുമായി സംഘർഷങ്ങളുണ്ടാകുന്നു. ജീവിതം എത്രത്തോളം ആസൂത്രണം ചെയ്താലും, അപ്രതീക്ഷിതമായ സംഭവവികാസങ്ങളുണ്ടാകുന്നു.

കഥയിൽ വരുന്ന ട്വിസ്റ്റ് കഥാഗതിയെ ഏത് തരത്തിൽ സ്വാധീനിക്കുന്നു ?

സുനീതിയുടെ കുഞ്ഞ് ആദിതി ജനിക്കുമ്പോഴാണ് മൂന്ന് സഹോദരങ്ങളുടെയും ജീവിതം അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക് കടക്കുന്നത്. പങ്കാളികളുമായുള്ള ബന്ധം പുനർവിചിന്തനം ചെയ്യാൻ അവർ നിർബന്ധിതരാകുന്നു.യഥാർത്ഥ സ്നേഹവും ത്യാഗവും അന്തസ്സുമൊക്കെ എവിടെയാണെന്ന് കഥാപാത്രങ്ങളിലൂടെ അന്വേഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.വ്യക്തിപരമായ സന്തോഷങ്ങളിൽ മാത്രം അധിഷ്‌ഠിതമായി തീരുമാനങ്ങൾ എടുക്കുന്നത് ശരിയാകുമോ എന്ന സന്ദേശം നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ട്. കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവയുമായി കടപ്പെട്ടിരിക്കുന്ന വ്യക്തികളെ അവരുടെ പ്രശ്നങ്ങളിലൂടെയും മാനസിക സംഘർഷങ്ങളി ലൂടെയും വെളിപ്പെടുത്താണ് ശ്രമിച്ചത്. അണുകുടുംബങ്ങളിൽ വളരുന്നവർ കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്തം മറക്കരുത് എന്ന കാഴ്ചപ്പാട് എനിക്കുണ്ട്.

വിദ്യാഭ്യാസ പ്രവർത്തക എന്ന നിലയിലുള്ള കാഴ്ചപ്പാടുകൾ നോവൽ രചനയെ സ്വാധീനിച്ചിട്ടു​ണ്ടോ ?

രാജ്യത്തിനും ലോകത്തിനും നല്ല സംഭാവന നൽകാൻ കഴിവുള്ള ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ഞാൻ നോവലിൽ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് നാളുകളായി പ്രവർത്തിക്കുന്നതുകൊണ്ട് സ്വാഭാവികമായും വന്നുപോയതാണത്. മുൻ ഇന്ത്യൻ പ്രസിഡന്റ് അബ്ദുൾ കലാമിനെ പോലെയുള്ള രാജ്യസ്നേഹികളായ പൗരന്മാരെ നമുക്ക് ലഭിക്കണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന തലമുറയെ ഞാൻ സ്വപ്നം കാണുന്നുണ്ട്. പുസ്തകത്തിന് മുഖവുര എഴുതിയ ഗ്രീസിലെ നാഷണൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡീൻ പ്രൊഫസർ ജെഫ്രി ലെവെറ്റ്, ഈ ദർശനത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഇഗ്നോ വൈസ് ചാൻസലർ ഡോ. നാഗേശ്വര റാവുവും നോവലിനെ അഭിനന്ദനിച്ച് കത്തയച്ചു. തലമുറ വ്യത്യാസമില്ലാതെ ലഭിക്കുന്ന അഭിനന്ദനങ്ങൾ എഴുത്തുകാരി എന്ന നിലക്ക് എനിക്ക് പ്രചോദകമാണ്. ബഹ്‌റൈനിൽ, ദാന മാളിലെ ‘ദി ബുക്ക് മാർട്ടിൽ’ പുസ്തകം ലഭ്യമാണ്. ഉടൻ തന്നെ ഇന്ത്യയിലെയും യു.എ.ഇയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പുസ്തകം ലഭ്യമാകും. cksujajpmenon@gmail.com എന്ന വിലാസത്തിൽ വായനക്കാർക്ക് ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book releasesuja jayaprakash menon
News Summary - 'Honor Among Us': The Internal Conflicts of the Diaspora
Next Story