വെൽകെയർ, മെഡ്കെയർ കൺവീനർ മജീദ് തണലിനെ ആദരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ വെൽകെയറും മെഡ്കെയറും നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് സോഷ്യൽ വെൽഫെയർ അസോസിയേഷെന്റ ജനസേവന വിഭാഗമായ വെൽകെയറിലൂടെയും ജീവൻരക്ഷാ ഔഷധങ്ങൾ നൽകുന്ന മെഡ്കെയറിലൂടെയും നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മജീദ് തണലിനെ ആദരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർ എന്നനിലയിൽ കലർപ്പുകൾ ഇല്ലാതെ ഒരുമിച്ചുനിന്ന് വൈറസിനെതിരെ പോരാടിയ കാലഘട്ടമാണ് കഴിഞ്ഞുപോയത് എന്ന് അദ്ദേഹം പറഞ്ഞു. മജീദ് തണലിനെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട ദുരിതബാധിതരായ ആയിരക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനം നൽകാൻ വെൽകെയറിന് സാധിച്ചതായി ചടങ്ങിൽ അധ്യക്ഷതവഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച ഹെൽപ് ഡെസ്ക് വഴി ഭക്ഷണം, മരുന്ന്, താമസം, യാത്രാ സഹായം, കൗൺസലിങ്, ആരോഗ്യ, ശുചിത്വ ബോധവത്കരണം തുടങ്ങി പദ്ധതികൾ നടപ്പാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. സേവന സന്നദ്ധരായ വെൽകെയർ വളണ്ടിയർമാരുടെ സഹായത്തോടെ രാപകൽ ഭേദെമന്യേ ബഹ്റൈെന്റ എല്ലാ ഭാഗങ്ങളിലും വെൽകെയറും മെഡ്കെയറും നടത്തിയ എണ്ണമറ്റ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അബ്ദുൽ മജീദ് തണലിന് കോവിഡ് കാലത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'മീഡിയവണ്‍' ബ്രേവ് ഹാർട്ട് പുരസ്കാരവും പ്രവാസി ഗൈഡൻസ് പുരസ്കാരവും ലഭിച്ചിരുന്നു.
ബഹ്റൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ജമാൽ ഇരിങ്ങൽ, അസീൽ അബ്ദുൽ റഹ്മാൻ, ചെമ്പൻ ജലാൽ, അഷ്കർ പൂഴിത്തല, സുനിൽ ബാബു, റഷീദ് മാഹി, നൗഷാദ് അമ്മനത്, ഡോ. ഫൈസൽ, കമാൽ മുഹ് യുദ്ദീൻ, ജമീല അബ്ദുറഹ്മാൻ, സുധി പുത്തൻവേലിക്കര, അബ്ദുൽ ലത്തീഫ് കൊളിക്കൽ, അബ്ദുല്ലത്തീഫ് ആയഞ്ചേരി, രാധാകൃഷ്ണൻ, ഷാനവാസ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മജീദ് തണൽ മറുപടി പ്രസംഗം നടത്തി. സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും മെംബർഷിപ് സെക്രട്ടറി കെ. ഇർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.