പാർപ്പിട ബാങ്ക്; മൂലധനം 250 ദശലക്ഷം ദീനാറായി വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsമനാമ: പാർപ്പിട ബാങ്കിന്റെ മൂലധനം 250 ദശലക്ഷം ദീനാറായി വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിന് മാറ്റുകൂട്ടുന്നതാണെന്ന് വിലയിരുത്തി.
വിവിധ മേഖലകളിൽ ബഹ്റൈൻ വനിതകൾ നടത്തിയ മുന്നേറ്റവും അവരുടെ ശക്തമായ സാന്നിധ്യവും പ്രതീക്ഷിച്ചതിനേക്കാൾ അധികമാണെന്ന് വിലയിരുത്തി. രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങൾ വനിതാ ശാക്തീകരണത്തിന് കരുത്തുപകർന്നതായും വിലയിരുത്തി.
വനിതാ സുപ്രീം കൗൺസിലിന്റെ 22ാമത് സ്ഥാപകദിനമാചരിക്കുന്ന വേളയിലാണ് വനിതകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള കൗൺസിലിന്റെ ശ്രമങ്ങൾ വിശകലനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തത്.
കാട്ടുതീ പടർന്ന് നാശനഷ്ടങ്ങളുണ്ടായ അമേരിക്കക്ക് കാബിനറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുതിയ പാർപ്പിട പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്കാൻ (പാർപ്പിട) ബാങ്കിന്റെ മൂലധനം 250 ദശലക്ഷം ദീനാറായി വർധിപ്പിക്കാനുള്ള നിർദേശത്തിന് അംഗീകാരമായി.
2022 സാമ്പത്തിക വർഷത്തിൽ ഫ്യൂച്ചർ ജനറേഷൻ റിസർവ് ഫണ്ടിന്റെ ആസ്തി 614 ദശലക്ഷം ഡോളറായിരുന്നത് 2023 ആദ്യപകുതിയിൽ 680 ദശലക്ഷം ഡോളറായി വർധിച്ചത് ധനകാര്യ മന്ത്രി അറിയിച്ചു. പൊതു പദ്ധതികൾക്കായി വിവിധ ഭൂമികൾ ഏറ്റെടുക്കുന്നതിന്റെ വിശദാംശങ്ങൾ പാർപ്പിടകാര്യ മന്ത്രി അവതരിപ്പിച്ചു.
വിശുദ്ധ ഖുർആനെ തുടർച്ചയായി അവഹേളിക്കുന്ന വിഷയത്തിൽ ഒ.ഐ.സി സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തതായി അറിയിച്ചു. സാമൂഹിക ക്ഷേമകാര്യ മന്ത്രിയുടെ സൗദി സന്ദർശനം, ഗതാഗത-ടെലികോം മന്ത്രിയുടെ പാക് സന്ദർശനം എന്നിവ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.