വിൽപത്രം നാട്ടിൽ എങ്ങനെ എക്സിക്യൂട്ട് ചെയ്യാം
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
കഴിഞ്ഞ ആഴ്ചയിൽ വിൽപത്രം ഇവിടെ എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്നത് സംബന്ധിച്ചാണ് എഴുതിയത്. ഈയാഴ്ച വിൽപത്രം നാട്ടിൽ എങ്ങനെയാണ് എക്സിക്യൂട്ട് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
വിൽപത്രം നടപ്പാക്കാൻ (എക്സിക്യൂട്ട് ചെയ്യാൻ) ആദ്യം ചെയ്യേണ്ടത് അത് കോടതി മുഖേന പ്രൊബേറ്റ് ചെയ്യുക എന്നതാണ്. പ്രൊബേറ്റ് ചെയ്യുക എന്നാൽ, കോടതി മുഖേന അംഗീകാരം നേടിയെടുക്കുക എന്നർഥം. അതുപോലെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എക്സിക്യൂട്ടറിനെ കോടതി അംഗീകരിക്കണം. ഇത് ചെയ്ത് കഴിഞ്ഞാൽ എക്സിക്യൂട്ടറിന് വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിക്കാൻ സാധിക്കും. പ്രൊബേറ്റ് ചെയ്യാതെ വിൽപത്രം ആരും അംഗീകരിക്കില്ല.
വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എക്സിക്യൂട്ടറാണ് വിൽപത്രം പ്രൊബേറ്റ് ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകേണ്ടത്. വിൽപത്രം എഴുതിയ വ്യക്തിയുടെ താമസസ്ഥലത്തുള്ള കോടതിയിൽ വേണം അപേക്ഷ നൽകാൻ. അതായത് അവിടത്തെ ജില്ല കോടതിയിൽ അല്ലെങ്കിൽ ഹൈകോടതിയിൽ. അപേക്ഷ നൽകുന്നതിന് മുമ്പ് എക്സിക്യൂട്ടർ താഴെപറയുന്ന കാര്യങ്ങൾ ചെയ്യണം.
a. മരിച്ച വ്യക്തിയുടെ സ്വത്തുക്കൾ എന്തെല്ലാമാണെന്ന് കണ്ടുപിടിക്കണം
b. ആരെല്ലാമാണ് വിൽപത്രപ്രകാരം അവകാശികൾ എന്നു മനസ്സിലാക്കി അവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണം.
c. എന്തെങ്കിലും ബാധ്യതകൾ ഉണ്ടോ എന്ന് തിരക്കണം.
d. നികുതി നൽകാനുണ്ടോ എന്ന് പരിശോധിക്കണം.
കോടതിയിൽ അപേക്ഷ നൽകുമ്പോൾ വിൽപത്രത്തിൽ എഴുതിയിരിക്കുന്ന എല്ലാ സ്വത്തുക്കളുടേയും പൂർണ വിവരം നൽകണം. വിൽപത്രം എഴുതിയശേഷം ഏതെങ്കിലും സ്വത്തുവകകൾ കൈമാറ്റം ചെയ്തെങ്കിൽ അതിന്റെ രേഖകളും ശേഖരിക്കണം. അതുപോലെ മരിച്ച വ്യക്തി വിൽപത്രം എഴുതിയശേഷം എന്തെങ്കിലും സ്വത്തുക്കൾ വാങ്ങിയെങ്കിൽ അതിന്റെ വിവരങ്ങളും ശേഖരിക്കണം.
എല്ലാ വിവരങ്ങളുമടങ്ങിയ അപേക്ഷ നൽകിയാൽ എത്രയും വേഗം പ്രൊബേറ്റ് ചെയ്ത് ലഭിക്കും. സാധാരണ ആറു മുതൽ 12 മാസം വരെ എടുക്കാറുണ്ട്. പ്രൊബേറ്റ് ലഭിച്ചാൽ അതുപ്രകാരം എക്സിക്യൂട്ടർക്ക് എല്ലാ നടപടിക്രമങ്ങളും നടപ്പാക്കാൻ സാധിക്കും. ഓരോ അവകാശികൾക്കും ലഭിക്കേണ്ട സ്വത്തുവകകൾ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകാൻ സാധിക്കും.
നോമിനേഷൻ നൽകിയിട്ടുള്ള എല്ലാ സ്വത്തുവകകളും അതുപ്രകാരം അവകാശികൾക്ക് ലഭിക്കും. വിൽപത്രം പ്രൊബേറ്റ് ചെയ്യുന്നതിനെപ്പറ്റി കൂടുതലായി അറിയണമെങ്കിൽ നാട്ടിൽ ഈ കാര്യങ്ങൾ ചെയ്യുന്ന ഒരു അഭിഭാഷകന്റെ സേവനം തേടുന്നത് നല്ലതാണ്. ഒരു അഭിഭാഷകൻ മുഖേന മാത്രമേ കോടതിയിൽ അപേക്ഷ നൽകാൻ സാധാരണഗതിയിൽ സാധിക്കുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.