വിൽപത്രത്തിലെ വ്യവസ്ഥകൾ നടത്തിയെടുക്കുന്നതെങ്ങനെ (കഴിഞ്ഞയാഴ്ചയിൽനിന്ന് തുടർച്ച)
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
കഴിഞ്ഞയാഴ്ച ബഹ്റൈനിലുള്ള ആസ്തികൾ വിൽപത്രത്തിൽ ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ച് എഴുതിയിരുന്നു. അത് കോടതി മുഖേന എങ്ങനെ നടത്തിയെടുക്കാമെന്ന് പരിശോധിക്കാം
വിൽപത്രം ഇംഗ്ലീഷ് ഭാഷയിലാണെങ്കിൽ അത് അറബിയിലേക്ക് കോടതി അംഗീകൃത ട്രാൻസ്ലേറ്റർ മുഖേന പരിഭാഷപ്പെടുത്തണം. വിൽപത്രത്തിന്റെ കൂടെ താഴെപ്പറയുന്ന രേഖകളും നൽകണം.
a. ഡെത്ത് സർട്ടിഫിക്കറ്റ്, ഇവിടെനിന്ന് ലഭിച്ചതാണെങ്കിൽ അതിന്റെ കോപ്പി. ഇവിടെനിന്ന് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇന്ത്യയിൽനിന്നും അപ്പോസ്റ്റിൽ ചെയ്യണം. പിന്നീടത് പരിഭാഷപ്പെടുത്തുകയും വേണം.
b. വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വ്യക്തികളുടെയും പാസ്പോർട്ട് കോപ്പി, സി.പി.ആർ ഉണ്ടെങ്കിൽ അതിന്റെ കോപ്പി എന്നിവ നൽകണം. എല്ലാവരുടെയും വിലാസവും നൽകണം.
c. അപേക്ഷ നൽകുന്ന വ്യക്തിയുടെ പോസ്പോർട്ട് കോപ്പിയും ഐ.ഡിയുടെ കോപ്പിയും വേണം. വിൽപത്രപ്രകാരം പരാതി നൽകേണ്ടത് വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എക്സിക്യൂട്ടറാണ്.
d. വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന ആസ്തികളുടെ എല്ലാ വിശദാംശങ്ങളും നൽകിയിരിക്കണം. അതായത് ബാങ്ക് അക്കൗണ്ടുകൾ, കാർ, ബിൽഡിങ്, ഫ്ലാറ്റ്, ലാൻഡ്, എന്നിവയെല്ലാം. അതോടൊപ്പം കോടതി അംഗീകരിച്ച വിദഗ്ധന്റെ കൈയിൽനിന്ന് ആസ്തികൾ സംബന്ധിച്ച റിപ്പോർട്ട് കൂടി സമർപ്പിക്കണം.
e. ഏത് മതവിശ്വാസിയാണ് എന്ന് തെളിയിക്കുന്ന രേഖ വേണം. സാധാരണ ഇത് വിൽപത്രത്തിൽ എഴുതും. അല്ലെങ്കിൽ മരിച്ച വ്യക്തിയുടെ ബർത്ത് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം. ആ രേഖകളിൽ ഏത് മതമാണെന്ന് രേഖപ്പെടുത്തിയിരിക്കും.
f. വിൽപത്രം എഴുതിയ വ്യക്തിക്ക് ബാധകമായ ഇന്ത്യൻ നിയമത്തിന്റെ കോപ്പിയും അതിന്റെ പരിഭാഷയും നൽകണം. അതായത് ഹിന്ദു ആണെങ്കിൽ ഇന്ത്യൻ ഹിന്ദു സക്സഷൻ ലോ. ഇത് വിൽപത്രമെഴുതിയ വ്യക്തിക്ക് അദ്ദേഹത്തെ ബാധിക്കുന്ന നിയമപ്രകാരം വിൽപത്രമെഴുതാൻ വ്യവസ്ഥയുണ്ടെന്ന് തെളിയിക്കാനാണ്.
g. വിൽപത്രത്തിൽ ഇവിടെ ബിൽഡിങ്, ഫ്ലാറ്റ്, ലാൻഡ് ഇവയുണ്ടെങ്കിൽ അതിന്റെ വാല്വേഷൻ സർട്ടിഫിക്കറ്റ് ഇവിടത്തെ അംഗീകൃത ഓഫിസിൽ നിന്ന് നൽകിയത് ഹാജരാക്കണം.
h. വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എക്സിക്യൂട്ടർ ഒരു ബഹ്റൈനി അഭിഭാഷകന് നൽകുന്ന പവർ ഓഫ് അറ്റോണി. ബഹ്റൈനിൽനിന്നാണ് പവർ ഓഫ് അറ്റോണി നൽകുന്നതെങ്കിൽ ഒരു നോട്ടറിയുടെ മുന്നിൽ വെച്ച് ഒപ്പിടണം. അല്ലെങ്കിൽ പവർ ഓഫ് അറ്റോണി അപ്പോസ്റ്റിൽ ചെയ്യുകയും പരിഭാഷപ്പെടുത്തുകയും വേണം.
വസ്തുവകകൾ ഉണ്ടെങ്കിൽ ലാൻഡ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിനെക്കൂടി കക്ഷി ചേർക്കുന്നത് നല്ലതാണ്. ഈ കാര്യം ബഹ്റൈനി അഭിഭാഷകന്റെ അഭിപ്രായം തേടി മാത്രമേ ചെയ്യാവൂ. ഓരേ കേസിനും വേണ്ട രേഖകൾ, അതാത് കേസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
അതുകൊണ്ട് രേഖകൾ എല്ലാം ശരിയാക്കി അഭിഭാഷകനുമായി ചർച്ച ചെയ്തുവേണം കേസ് നൽകാൻ. അതുപോലെ വസ്തുവകകളുടെ കാര്യത്തിൽ കോടതി ഫീസ്, ലാൻഡ് രജിസ്ട്രേഷൻ ഫീസ് എന്നിവ നൽകേണ്ടിവരും. വസ്തുവകകൾക്കുള്ള വിൽപത്രം സൈൻ ചെയ്യുന്നത് റിയൽ എസ്റ്റേറ്റിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നോട്ടറിയുടെ മുന്നിൽ വേണം.
ഇവിടത്തെ ബാങ്കുകൾ കോടതി ഉത്തരവ് പ്രകാരം അപ്രൂവ് ചെയ്ത എക്സിക്യൂട്ടർമാരുടെ നിർദേശങ്ങൾ സ്വീകരിക്കാറുണ്ട്. അതുപോലെ ഷെയർ ട്രാൻസ്ഫർ ചെയ്യുന്നതിനും സാധിക്കും. ഇവിടെ ലഭിക്കുന്ന കോടതി ഉത്തരവ് മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കണമെങ്കിൽ ഇവിടത്തെ ഉത്തരവ് എംബസിയിൽ ട്രാൻസ്ലേറ്റ് ചെയ്ത് അപ്പോസ്റ്റിൽ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.