ഇന്ത്യൻ സ്കൂൾ ഫെയറിൽ വൻ ജനപങ്കാളിത്തം
text_fieldsമനാമ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സ്കൂൾ ഒരുക്കിയ സാംസ്കാരിക മേളക്ക് വൻ ജനപങ്കാളിത്തം. വൻ ജനാവലി ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. നേരിയ തണുപ്പ് വകവെക്കാതെ എത്തിയ വലിയൊരു ജനസഞ്ചയത്തെ ആകർഷിക്കാൻ ഇന്ത്യൻ സ്കൂൾ സമൂഹത്തിന്റെ ഒത്തൊരുമയിലൂടെ സാധിച്ചു. ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള നാടിന്റെ സാംസ്കാരിക വൈവിധ്യവും കലാപരമായ കഴിവും ആഘോഷിക്കാൻ ഒരു വേദിയായി.
ആവേശത്തോടെയും ഐക്യത്തോടെയും രക്ഷാകർത്താക്കളും വിദ്യാർഥികളും അധ്യാപകരും അഭ്യുദയകാംക്ഷികളും മേള വിജയിപ്പിക്കാൻ രംഗത്തിറങ്ങിയിരുന്നു.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈക്കി, പ്രൈവറ്റ് എജുക്കേഷൻ ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസസ്മെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അബോധ് അൽ സനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ക്യാപ്റ്റൻ ഖുലൂദ് യഹ്യ ഇബ്രാഹിം, ലഫ്.ജനറൽ ശൈഖ അഹമ്മദ് അൽ ഖലീഫ, ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് ചെയർമാനും ജനറൽ മാനേജറുമായ കെ.ജി. ബാബുരാജൻ, അമാദ് ബൈദ് ഇലക്ട്രിക്കൽ മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ.വി.കെ. തോമസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റസ് ചെയർമാനും സി.ഇ.ഒയുമായ സേതുരാജ് കടയ്ക്കൽ, സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, മേളയുടെ സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ നേട്ടങ്ങളെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പ്രശംസിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ സജീവ പങ്കാളിത്തം അദ്ദേഹം എടുത്തുകാട്ടി. ഭാരത് കോ ജാനിയെ ക്വിസിൽ പങ്കെടുക്കാൻ ബഹ്റൈനിൽനിന്നുള്ള 8000 രജിസ്ട്രേഷനുകളിൽ 3200 എണ്ണം ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ളതായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂളിൽ കാര്യമായ ശ്രദ്ധ ലഭിക്കുന്നു.
രാജ്യത്തെ നിയമങ്ങൾ പാലിച്ചതിന് അംബാസഡർ സ്കൂളിനെ അഭിനന്ദിച്ചു. അതിഥികൾക്ക് മെമന്റോകൾ സമ്മാനിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. ഗായകൻ വിനീത് ശ്രീനിവാസനും സംഘവും ഹരം പകരുന്ന ഗാനങ്ങളിലൂടെ സദസ്സിനെ ആകർഷിച്ചു. വെള്ളിയാഴ്ച ഗായിക ടിയ കർ നയിച്ച ഉത്തരേന്ത്യൻ സംഗീത മേള നടന്നു.
ഇന്നലെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ ജനം സാംസ്കാരിക പ്രദർശനങ്ങളിലും മുഖ്യവേദിയിലെ ഗാനമേളയിലും മുഴുകിയപ്പോൾ കുട്ടികൾ സ്റ്റാളുകളിലെ ഗെയിമുകളിലും ഓഡിറ്റോറിയത്തിൽ ഒരുക്കിയ വിനോദങ്ങളിലും മേള ആസ്വദിച്ചു. മേളയെ ഒരു ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നതിൽ സമൂഹത്തിന്റെ അകമഴിഞ്ഞ പങ്കാളിത്തം ഉണ്ടായതിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവർ ഹൃദയംഗമമായ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.