വ്യാജ വിസയിൽ മനുഷ്യക്കടത്ത്; സംഘം ഇന്ത്യയിൽ പിടിയിൽ
text_fieldsമനാമ: വ്യാജമായി നിർമിച്ച വർക്ക് വിസയിൽ ബഹ്റൈനുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയിൽ പിടിയിലായി. അടുത്തിടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വ്യാജവിസയിലെത്തിയ ഇന്ത്യക്കാരൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാൻ സാധിച്ചത്.
പഞ്ചാബ് സ്വദേശിയുടെ തൊഴിൽ വിസ വ്യാജമാണെന്ന് ഇമിഗ്രേഷൻ കണ്ടെത്തിയതിനെത്തുടർന്ന് അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ നാട്ടുകാരായ ചിലരാണ് വിസ ഏർപ്പാടാക്കിയതെന്ന് അയാൾ സമ്മതിച്ചു. 1,25,000 രൂപ (560 ദിനാർ) ഇതിനായി ഏജന്റിന് നൽകി.
തന്റെ ഗ്രാമക്കാരൻ തന്നെയായ ഏജന്റിന്റെ വിശദാംശങ്ങളും അദ്ദേഹം കൈമാറി. പഞ്ചാബിലെ ഗുർദാസ്പൂരിൽനിന്ന് ഏജന്റിനെയും അയാളുടെ കൂട്ടാളിയെയും പിടികൂടി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാൻ ഏജന്റുമായി സഹകരിച്ചതായി കൂട്ടാളി സമ്മതിച്ചു.
ഇയാൾ 2018ൽ ബഹ്റൈൻ സന്ദർശിച്ചിരുന്നതായും വ്യക്തമായി. 350 ദിനാറാണ് ഒരാൾക്ക് വ്യാജവിസ ശരിയാക്കി നൽകാനായി ഇയാൾ ഏജന്റിൽനിന്ന് വാങ്ങിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.