അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsഅറേബ്യൻ കടലിൽനിന്ന് സംയുക്ത ദൗത്യസേന പിടികൂടിയ
മയക്കുമരുന്ന്
മനാമ: അറേബ്യൻ കടലിൽനിന്ന് 260 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന (സി.ടി.എഫ് 150). ന്യൂസിലൻഡിന്റെ നേതൃത്വത്തിലുള്ള സി.ടി.എഫ് സേനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന യു.എസ് കോസ്റ്റ് ഗാർഡ് ഫാസ്റ്റ്-റെസ്പോൺസ് കട്ടർ സേനയാണ് പരിശോധനക്കിടെ ഒരു കപ്പലിൽനിന്ന് 200 കിലോ മെത്താംഫെറ്റാമിനും 60 കിലോ ഹെറോയിനും പിടിച്ചെടുത്തത്.
അറേബ്യൻ കടലിന്റെ പല പ്രദേശങ്ങളും നിയമാനുസൃതമായ മത്സ്യബന്ധന, വ്യാപാര കപ്പലുകൾകൊണ്ട് സമൃദ്ധമാണ്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് പോലുള്ള നിയംലഘന കള്ളക്കടത്തുകൾക്ക് സാധ്യതയേറെയുമാണ്. അവരെ തിരിച്ചറിയേണ്ടതും കണ്ടെത്തേണ്ടതും പ്രധാനമാണെന്നും സി.ടി.എഫ് 150 ഡെപ്യൂട്ടി കമാൻഡറും റോയൽ ന്യൂസിലൻഡ് ക്യാപ്റ്റനുമായ ഡേവ് ബാർ പറഞ്ഞു. പിടികൂടിയ മയക്കുമരുന്ന് അളന്ന് തിട്ടപ്പെടുത്തിയ ശേഷം സംസ്കരിച്ചു.
കഴിഞ്ഞ മാസം സി.ടി.എഫ് 150ന്റെ നേതൃത്വത്തിൽ അറേബ്യൻ കടലിൽനിന്ന് 2400 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. സംയുക്ത ദൗത്യസേന 150 (സി.ടി.എഫ് 150) എന്നത് 34 രാജ്യങ്ങളുടെ സഖ്യമായ സംയുക്ത മാരിടൈം ഫോഴ്സസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്രീയ സഖ്യ നാവിക ടാസ്ക് ഫോഴ്സാണ്. ബഹ്റൈനിലാണ് ഇതിന്റെ ആസ്ഥാനം. ന്യൂസിലൻഡിനാണ് നിലവിൽ ഇതിന്റെ കമാൻഡർ സ്ഥാനം. കഴിഞ്ഞ ജനുവരിയിലാണ് പാകിസ്താനിൽനിന്ന് സി.ടി.എഫിന്റെ നേതൃസ്ഥാനം ന്യൂസിലൻഡ് ഏറ്റെടുത്തത്.
സമുദ്ര സുരക്ഷാ ഓപറേഷനുകൾ (എം.എസ്.ഒ) നടത്തുക, ഭീകര പ്രവർത്തനങ്ങളെയും അനുബന്ധ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് സി.ടി.എഫ് 150 ന്റെ പ്രധാന ദൗത്യം. കടൽത്തീരത്ത് നടക്കുന്ന നിയമവിരുദ്ധമായ കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയവ തടയുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു സംയുക്ത സംരംഭമാണ്. അറേബ്യൻ കടൽ, അദൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.