ഐ.സി.എഫ് 45ാം വാർഷികത്തിന് പ്രൗഢോജ്വല തുടക്കം
text_fieldsമനാമ: ബഹ്റൈൻ പ്രവാസികൾക്കിടയിൽ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക സേവനരംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) 45ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. സൽമാബാദ് ഗൾഫ് എയർ ക്ലബിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് അലിയ്യൂൽ ഹാശിമി ഉദ്ഘാടന കർമം നിർവഹിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. ആറ് മാസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷപരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ, സാംസ്കാരിക സേവന മേഖലകളിൽ വിവിധ പദ്ധതി പ്രവർത്തനങ്ങളാണ് ഐ.സി.എഫ് നടപ്പാക്കുന്നത്. ജീവകാരുണ്യ മേഖലയിൽ നിർധനരായ കുടുംബങ്ങൾക്ക് 10 വീടുകൾ, 45 പെൺകുട്ടികൾക്ക് വിവാഹ സഹായം, പ്രഫഷണൽ വിദ്യാർഥികൾക്ക് സ്കോളർഷിപ് എന്നിവ നൽകും.
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസഘടകമായ ഐ.സി.എഫ് ‘പ്രവാസത്തിന്റെ അഭയം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില് ശ്രദ്ധയൂന്നിയാണ് പ്രവർത്തിക്കുന്നത്.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി അധ്യക്ഷതവഹിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖമ്മാസ്, ബഹ്റൈൻ ശരീഅഃ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ഡോ. ശൈഖ് ഇബ്രാഹിം റാഷിദ് മിരീഖി, ശരീഅഃ കോർട്ട് ജഡ്ജ് ശൈഖ് ഹമദ് സാമി ഫളിൽ അൽ ദോസരി, എൻജി. ശൈഖ് സമീർ ഫാഇസ്, ഇബ്രാഹീം സഖാഫി താത്തൂർ, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിച്ചു. ഐ.സി.എഫ് ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൾ കരീം സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.