ഐ.സി.ആർ.എഫ് ഫേബർ കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2025 പുറത്തിറക്കി
text_fieldsമനാമ: ഇന്ത്യൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഫേബർ കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2025 പുറത്തിറക്കി. അടുത്തിടെ നടന്ന വാർഷിക ആർട്ട് കാർണിവൽ - ഫേബർ കാസ്റ്റൽ സ്പെക്ട്ര 2024ൽനിന്ന് തിരഞ്ഞെടുത്ത, ഓരോ ഗ്രൂപ്പിലെയും മികച്ച അഞ്ച് വിജയികളുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചാണ് വാൾ കലണ്ടറും ഡെസ്ക് കലണ്ടറും രൂപകൽപന ചെയ്തിരിക്കുന്നത്.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, കഴിഞ്ഞ 16 വർഷമായി ഡ്രോയിങ്, പെയിന്റിങ് സാമഗ്രികൾ നൽകിക്കൊണ്ട് സ്പെക്ട്രയുടെ പ്രധാന പിന്തുണക്കാരായ ഫേബർ കാസ്റ്റൽ കമ്പനി പ്രതിനിധി ഗണേഷിന് കോപ്പി നൽകി ഡെസ്ക് കലണ്ടർ പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ മലബാർ ഗോൾഡ് പ്രതിനിധി നിഖിൽ അശോകന് കോപ്പി നൽകി വാൾ കലണ്ടർ പ്രകാശനം ചെയ്തു. യുവാക്കൾക്കിടയിൽ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും ലക്ഷ്യമിട്ട് ഡിസംബർ 6ന് നടന്ന സ്പെക്ട്ര മത്സരം ബഹ്റൈൻ രാജ്യത്തിലെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാ മത്സരമായിരുന്നു.
ഇന്ത്യൻ സ്കൂൾ ഇസ ടൗണിൽ വെച്ച് നടന്ന മത്സരത്തിൽ ഏകദേശം 2500 പേർ പങ്കെടുത്തു. വിജയികളെ അന്നേ ദിവസം പ്രഖ്യാപിക്കുകയും അവരെ വിശിഷ്ടാതിഥികൾ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.