ഐ.സി.ആർ.എഫിന്റെ ആദരം; ആഹ്ലാദനിറവിൽ തൊഴിലാളികൾ
text_fieldsമനാമ: ആഹ്ലാദനിറവിലാണ് തൊഴിലാളികൾ ഐ.സി.ആർ.എഫിന്റെ ആദരമേറ്റുവാങ്ങിയത്. എല്ലാവരും ആദ്യമായാണ് സ്റ്റേജിൽ കയറുന്നതും അഭിനന്ദനവും ആദരവും ഏറ്റുവാങ്ങുന്നതും. ഐ.സി.ആർ.എഫിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് എല്ലാവും സ്റ്റേജ് വിട്ടത്.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) 25 സമർപ്പിത തൊഴിലാളികളെ ആദരിച്ചത്.
ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ കമ്പനികളിൽനിന്നും ക്യാമ്പുകളിൽനിന്നുമായി 300 ഓളം തൊഴിലാളികൾ പങ്കെടുത്തു. ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനായി നടന്ന പരിപാടി പ്രവാസി ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ.വി.കെ. തോമസ് പറഞ്ഞു.
ബഹ്റൈനിൽ 25 വർഷത്തിലേറെയായി ഒരേ കമ്പനിയിൽ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച 25 സമർപ്പിത തൊഴിലാളികളെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്.
25 മുതൽ നാൽപതിലധികം വർഷങ്ങളായി ജോലി ചെയ്യുന്നവരും തൊഴിലാളികളിലുണ്ടായിരുന്നു. തൊഴിൽ മന്ത്രാലയം തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് ജാഫർ മുഹമ്മദ് അൽ ഹയ്കി, ഹസൻ ഈദ് ബുഖാമസ് എം.പി, എൽ.എം.ആർ.എ പാർട്ണർഷിപ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിനാലി, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ചീഫ് ഓഫ് മിഷൻ, എറിക്ക ബ്രോയേർസ് തുടങ്ങിയ വിശിഷ്ടാതിഥികൾ തൊഴിലാളികളെ ഷാൾ അണിയിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ഉപദേശകൻ ഡോ. ബാബു രാമചന്ദ്രൻ, മുഹമ്മദ് മൻസൂർ, രവി മേത്ത, മറ്റ് ഐ.സി.ആർ.എഫ് ഭാരവാഹികൾ, വളന്റിയർമാർ തുടങ്ങിയവർ സന്നിഹിരതായിരുന്നു.
കലാപരിപാടികളും യോഗ സെഷനും അനുബന്ധമായി നടന്നു. ബഹ്റൈൻ സാങ്കേതിക സർവകലാശാല പ്രതിനിധി സാമ്പത്തിക അവബോധത്തെക്കുറിച്ചും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധികൾ മനുഷ്യക്കടത്ത് സംബന്ധിച്ചും അവതരണങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.