കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രവാസി വിഷയങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകും -രമേശ് ചെന്നിത്തല
text_fieldsമുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ബഹ്റൈൻ ഒ.ഐ.സി.സി ഗ്രാൻഡ് (ചിത്രം സത്യൻ പേരാമ്പ്ര)
ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുന്നു
മനാമ: കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ പ്രവാസി വിഷയങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പ്രവാസികൾക്കായി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തത് യു.ഡി.എഫ് ഗവൺമെന്റാണ്. കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ പ്രവാസികാര്യ മന്ത്രാലയം സ്ഥാപിക്കും. ലോക കേരളസഭ പോലുള്ള മാമാങ്കങ്ങൾ സർക്കാർ നടത്തുന്നുവെന്നല്ലാതെ പ്രവാസികൾക്ക് ഗുണങ്ങളൊന്നും ലഭിക്കുന്നില്ല.
മുഖ്യമന്ത്രി ബഹ്റൈൻ സന്ദർശനവേളയിൽ പ്രഖ്യാപിച്ച കേരള പബ്ലിക് സ്കൂൾ, എൻജിനീയറിങ് കോളജ് തുടങ്ങിയ പദ്ധതികൾ എവിടെയെത്തി? ഇതുപോലെ പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും സർക്കാർ നടപ്പാക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. നാട്ടിൽ വന്ന് ജീവിക്കുന്ന പാവപ്പെട്ട പ്രവാസികളുടെ പ്രശ്നങ്ങൾക്കെന്ത് പരിഹാരമാണ് ഉണ്ടാക്കിയത്?
യു.ഡി.എഫ് ഭരണകാലത്താണ് പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്കും നിലവിൽ മറ്റുരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുമായ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവാസി കമീഷൻപോലുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. ആ നടപടികൾ പിന്നീട് പിണറായി സർക്കാർ അവഗണിക്കുകയാണുണ്ടായത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രവാസികൾക്ക് ഗുണമുണ്ടാക്കുന്ന പദ്ധതികൾ നടപ്പാക്കുകയും പ്രവാസി വിഷയങ്ങളെ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ബഹ്റൈനുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. സ്ഥിരമായി ഇവിടെ സന്ദർശനത്തിനെത്തുന്നൊരാളാണ് ഞാൻ.
ഇവിടത്തെ ഭരണാധികാരികൾ ജനങ്ങളോട് നല്ല സമീപനമാണ് സ്വീകരിക്കാറുള്ളത്. ഒരുപാട് മലയാളികൾ താമസിക്കുന്ന രാജ്യമാണിത്. ബഹ്റൈന്റെ വളർച്ചക്ക് മലയാളികളുടെ വലിയ സംഭാവനയുണ്ട്.
സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശവും അധികാരവും ഭരണകൂടം നൽകുന്നുവെന്നും മലയാളികളുമായി മെച്ചപ്പെട്ട ബന്ധം പുലർത്തിപ്പോരുന്ന രാജ്യം കൂടിയാണ് ബഹ്റൈനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഭരണം മാറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ചെന്നിത്തല, പിണറായി സർക്കാറിന്റെ കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിലെ ഭരണത്തെ രൂക്ഷമായി വിമർശിച്ചു. ഭരണമാറ്റം സി.പി.എം അണികളടക്കം കേരള ജനത ആഗ്രഹിക്കുന്നുണ്ട്. തുടർഭരണങ്ങൾ വാസ്തവത്തിൽ കേരളത്തിന് സമ്പൂർണമായ വിനാശമാണ് വരുത്തിവെച്ചത്. അതിൽനിന്ന് ജനങ്ങളൊരു മോചനം ആഗ്രഹിക്കുന്നുവെന്നും അതുണ്ടാകുമെന്ന പ്രതീക്ഷയാണെനിക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
നമ്മെളെല്ലാവരും നിരന്തരം അവകാശപ്പെട്ട കാര്യമാണ് പ്രവാസികൾക്ക് വോട്ടവകാശം വേണമെന്ന കാര്യം. പക്ഷേ അത് നടപ്പായില്ല. അതുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികൾ തങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയെന്ന നിലക്ക് വോട്ട് ചെയ്യാനെത്തണം.
നാട്ടിലെ ജനാധിപത്യം നിലനിൽക്കാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ഇഫ്താറിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു ചെന്നിത്തല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.