ലഗേജ് നഷ്ടപ്പെട്ടാൽ
text_fieldsമനാമ: വിമാനയാത്രക്കിടയിൽ ലഗേജ് മാറിപ്പോകാനുള്ള സാധ്യതയേറെയാണ്. അവധിക്കാലംപോലെയുള്ള സമയങ്ങളിൽ നിറയെ യാത്രക്കാരുണ്ടാകും; ലഗേജുകളും. നമ്മുടേതിന് സമാനമായ ബാഗേജുകൾ നിരവധിയുണ്ടായിരിക്കും. അപ്പോൾ മാറിപ്പോകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് ബാഗേജ് തിരിച്ചറിയാൻ സഹായിക്കുന്ന പേരെഴുതിയ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത്. എന്നാൽ, ഇതും ഇളകിപ്പോകാനിടയുണ്ട്. കുടുംബമായി സഞ്ചരിക്കുമ്പോൾ നിരവധി ബാഗേജുകൾ ഉണ്ടായിരിക്കും. അപ്പോൾ വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കാനുള്ള തിരക്കിനിടെ ബാഗേജുകൾ മാറിയെടുക്കാനും നഷ്ടപ്പെടാനുമുള്ള സാധ്യതയുണ്ട്.
വീട്ടിലെത്തിയ ശേഷമായിരിക്കും ബാഗേജ് മാറിയ കാര്യം ശ്രദ്ധയിൽപെടുക. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തിരികെ എയർപോർട്ടിൽ വന്ന് റിപ്പോർട്ട് ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യം ബാഗേജ് എയർപോർട്ടിൽ നൽകുമ്പോൾ ലഭിക്കുന്ന ടാഗിന്റെ കൗണ്ടർഫോയിൽ നഷ്ടപ്പെടരുത് എന്നതാണ്. അതും ബോർഡിങ് പാസിന്റെ കൗണ്ടർ ഫോയിലും ഉണ്ടെങ്കിലേ നമുക്ക് നഷ്ടപ്പെട്ട ബാഗേജ് ക്ലെയിം ചെയ്യാൻ പറ്റൂ. അതുകൊണ്ട് ലഗേജുമായി വീട്ടിൽചെന്ന് അത് നമ്മുടെ തന്നെയാണെന്ന് ഉറപ്പുവരുത്തിയശേഷമേ ലഗേജ് കൗണ്ടർഫോയിൽ ഉപേക്ഷിക്കാവൂ. മാത്രമല്ല, എത്ര ലഗേജുണ്ടോ അത്രയും കൗണ്ടർഫോയിലുകൾ വാങ്ങാൻ മറക്കരുത്. ഒന്നിലധികം ലഗേജുള്ളപ്പോൾ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. വീട്ടിൽനിന്ന് എയർപോർട്ടിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ബാഗേജുകളുടെ ഫോട്ടോ എടുത്തു വെക്കുന്നതും നല്ലതാണ്. അതുനോക്കി നമ്മുടെ ബാഗേജ് കണ്ടുപിടിക്കാമല്ലോ.
മറ്റൊരുകാര്യം ഇതുപോലുള്ള സമയങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽനിന്ന് പലരും ധാരാളം പർച്ചേസ് നടത്തും. അതൊക്കെ ഹാൻഡ് ബാഗേജിൽ നിറക്കുകയും ചെയ്യും. പക്ഷേ, വിമാനത്തിനുള്ളിൽ പ്രവേശിക്കാനെത്തുമ്പോൾ അധികൃതർ ഹാൻഡ്ബാഗേജുകൾ ലഗേജിലേക്ക് മാറ്റാനാവശ്യപ്പെടും. എല്ലാ യാത്രക്കാരുടെയും ഹാൻഡ് ബാഗേജുകൾ വെക്കാൻ വിമാനത്തിനുള്ളിൽ സ്ഥലമില്ലാത്തതുകൊണ്ടാണിത്. അത് പ്രതീക്ഷിച്ച് ഹാൻഡ് ബാഗേജിന് ലോക്ക് കൊണ്ടുപോകുന്നത് നല്ലതാണ്. അല്ലെങ്കിൽ സാധനങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. പലർക്കും അത്തരം അനുഭവങ്ങൾ കേരളത്തിലെ എയർപോർട്ടുകളിൽനിന്നുണ്ടായിട്ടുമുണ്ട്. അത്തരം സന്ദർഭങ്ങളിലും ലഗേജ് കൗണ്ടർഫോയിൽ വാങ്ങാൻ മറക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.