സൗഹൃദം പൂക്കുന്ന ഇഫ്താർ
text_fieldsമനാമ: രണ്ട് വർഷത്തെ ഇടവേളക്കുശേഷം ഇഫ്താർ പുനരാരംഭിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് പ്രവാസികൾ. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും ഇഫ്താറിന് സാധിച്ചിരുന്നില്ല.
സാഹോദര്യവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കാനുള്ള വേദിയായ ഈ സംഗമം പ്രവാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇത്തവണ റമദാൻ തുടക്കത്തിൽതന്നെ ആരംഭിച്ചു. പ്രവാസത്തിന്റെ ആശങ്കയിൽനിന്നും പ്രയാസത്തിൽനിന്നും ആശ്വാസവുമാണ് ഈ കൂടിച്ചേരൽ.
കോവിഡ് അടച്ചുപൂട്ടലിൽനിന്ന് മോചനം ലഭിച്ചതോടെ, ഈ റമദാനിൽ പല സംഘടനകളും നേരത്തേതന്നെ ഇഫ്താർ ഒരുക്കത്തിലായിരുന്നു. വിവിധ കമ്പനികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗബ്കയും റമദാൻ കാലത്തെ അവിസ്മരണീയമാണ്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന സൗഹൃദ ഇഫ്താറുകളാണ് മറ്റൊരു സവിശേഷത. ഇതിനുപുറമെ, കാരുണ്യത്തിന്റെ മാസമായ റമദാനിൽ തുച്ഛ വരുമാനക്കാരായ തൊഴിലാളികളെ പരിഗണിക്കാനും സംഘടനകൾ തയാറാകുന്നു. ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ വിരുന്നൊരുക്കിയും റമദാൻ കിറ്റുകൾ എത്തിച്ചുമാണ് അവർ പുണ്യമാസത്തെ പവിത്രമാക്കുന്നത്.
കോവിഡാനന്തരമുള്ള തിരിച്ചുവരവിന്റെ ഉത്തമ ഉദാഹരണമാണ് രണ്ട് വർഷത്തിനുശേഷം നടക്കുന്ന സമൂഹ നോമ്പുതുറകളെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു.
ആശാവഹമായ മാറ്റമാണിത്. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുചേർക്കുന്ന സംഗമങ്ങളാണ് ഇഫ്താർ വിരുന്നുകളെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു. ബഹ്റൈനിൽ ജനകീയമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ എംബസിയും ഇന്ത്യൻ അംബാസഡറും നൽകുന്ന പിന്തുണ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് നഷ്ടമായ സാംസ്കാരിക ജീവിതം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇഫ്താർ ഒരുക്കുന്നതെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
രണ്ട് വർഷത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ച സംഗമം സാമൂഹിക ജീവിതത്തിൽ ഉണർവുണ്ടാക്കാൻ സഹായിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിനും ഇതിൽ പങ്ക് വഹിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സഹോദരങ്ങളോടുള്ള കരുതലും ഇല്ലായ്മയിൽ ചേർത്തുപിടിക്കാനുമുള്ള സന്ദേശമാണ് ഇഫ്താറെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം പറഞ്ഞു.
മനുഷ്യരെ പരസ്പരം അടുപ്പിക്കാനുള്ള സുന്ദരവേദിയാണ് ഇതെന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരി ബഷീർ അമ്പലായി പറഞ്ഞു.
ഇഫ്താറിൽ ആർഭാടം ഒഴിവാക്കാനും നോമ്പിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.