ഐ.എൽ.എ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്ക് തുടക്കം
text_fieldsമനാമ: കുറഞ്ഞ വരുമാനക്കാർക്കായുള്ള ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങി. ഐ.എൽ.എയുടെ 25 ാം വാർഷികത്തോടനുബന്ധിച്ചാണ് ബഹ്റൈനിൽ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലെയും താഴ്ന്ന വരുമാനമുള്ളവർക്കായി ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
ലീഡർഷിപ് എക്സൽ കൺസൾട്ടൻസി സി.ഇ.ഒയും സ്ഥാപകയായ ടോസിൻ അരോവോജോലു, പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് എന്നിവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചെലവേറിയ പരിശീലന സ്ഥാപനങ്ങളുടെ ഫീസ് താങ്ങാൻ പറ്റാത്തവർക്കായാണ് ഐ.എൽ.എയുടെ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോജക്റ്റുകളുടെ ഭാഗമായി ഇത് സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷിൽ അടിസ്ഥാന ആശയവിനിമയ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുക, ജോലിയിലും സാമൂഹിക ഇടപെടലുകളിലും കൂടുതൽ ഫലപ്രദമായി ഇടപെടാൻ പ്രാപ്തരാക്കുക എന്നിവയാണ് ലക്ഷ്യം.
രണ്ടു മാസമാണ് കോഴ്സ് കാലാവധി. ആഴ്ചയിൽ രണ്ടുതവണ ക്ലാസുണ്ടായിരിക്കും. വെള്ളിയാഴ്ചകളിൽ വൈകുന്നേരം നാലുമുതൽ ആറു വരെയും ശനിയാഴ്ചകളിൽ ആറു മുതൽ എട്ടു വരെയുമാണ് ക്ലാസ്.
ഇന്ത്യൻ ലേഡീസ് അസോസിയേഷനിൽ വെച്ചാണ് ക്ലാസുകൾ (വില്ല നമ്പർ 764, റോഡ് നമ്പർ 3014, ബ്ലോക്ക് നമ്പർ 330, ബു-ഗസൽ). 10 ദിനാറാണ് ഫീസ്. നാമമാത്രമായ ഈ ഫീസ് അടയ്ക്കാൻ കഴിയാത്തവർക്കുള്ള സ്പോൺസർഷിപ് ഏർപ്പാടാക്കും. ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർക്ക് ചേരാം. ഇനിയും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ബന്ധപ്പെടുക: 33560046, 39257150 36990111
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.