റോഡരികിലെ അനധികൃത നിർമാണം നീക്കി
text_fieldsമനാമ: അറാദിൽ റോഡരികിലെ അനധികൃത നിർമാണം മുഹറഖ് മുനിസിപ്പാലിറ്റി നീക്കി. കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി.
അനധികൃത നിർമാണം നീക്കംചെയ്യാൻ ചില ഉടമകൾ വിസമ്മതിച്ചതിനെ തുടർന്നാണ് കോടതിവിധിയുടെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കിയതെന്ന് മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. അനധികൃത നിർമാണങ്ങളുടെ ചില ഭാഗങ്ങൾ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് നീക്കാനും നിർദേശം നൽകി.
ബ്ലോക്ക് 241ലെ ഒരു പൊതുറോഡ് നന്നാക്കുന്നതിെൻറ ഭാഗമായാണ് അനധികൃത നിർമാണങ്ങൾ നീക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. ഭവനമന്ത്രാലയത്തിെൻറ പുതിയ ഭവനപദ്ധതിയോട് ചേർന്നുള്ളതാണ് ഇൗ റോഡ്. എന്നാൽ, നിയമം ലംഘിച്ചുള്ള നിർമാണങ്ങൾ നീക്കാൻ ഉടമകൾ വിസമ്മതിച്ചതിനെ തുടർന്ന് ഭവനമന്ത്രാലയവും പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയവും മുഹറഖ് മുനിസിപ്പാലിറ്റിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മുനിസിപ്പാലിറ്റി കോടതി മുഖേന നിയമനടപടി സ്വീകരിച്ചത്.
മുനിസിപ്പാലിറ്റി പരിധിയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുറോഡ് കൈയേറ്റം, കെട്ടിട നിയമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കണമെന്ന് പൗരൻമാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.