അനധികൃത മത്സ്യബന്ധനം; ആറുപേർ അറസ്റ്റിൽ
text_fieldsമനാമ: ബഹ്റൈൻ കടലിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിന് നാല് ഇന്ത്യൻ പൗരന്മാരെയും രണ്ട് സ്വദേശികളെയും അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ ഓഫിസ് അറിയിച്ചു.
‘കോഫ’ എന്നറിയപ്പെടുന്ന നിരോധിത ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ചാണ് പ്രതികൾ ചെമ്മീൻ പിടിച്ചത്. ഏകദേശം 40 കിലോ ചെമ്മീൻ ഇവരിൽനിന്ന് കണ്ടെടുത്തു. ബോട്ട് കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം അറിഞ്ഞത്. കേസ് മൈനർ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. ബോട്ട് തെളിവിനായി അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റ്, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നില്ല.
നിരോധിത മീൻപിടിത്ത വലകൾ ഉപയോഗിക്കുക, കൂട്ടിയിടി തടയാൻ നാവിഗേഷൻ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, ലൈസൻസില്ലാതെ മത്സ്യബന്ധനം, സുരക്ഷ ഉദ്യോഗസ്ഥരെ പരിശോധനയിൽനിന്ന് തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇത്തരം അനധികൃത മത്സ്യബന്ധന രീതികൾ സമുദ്ര സമ്പത്തിന് നാശമുണ്ടാക്കുകയാണ്. വലിയ അളവിൽ മത്സ്യങ്ങളെ പിടിക്കുന്നതിനാണ് ബോട്ടം ട്രോളിങ് വലകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് പലപ്പോഴും ചെറുമത്സ്യങ്ങളെയും മറ്റു സമുദ്ര ജീവജാലങ്ങളെയും കുടുക്കുന്നു. ഇത് സമുദ്ര ജൈവവൈവിധ്യത്തിന്റെ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.