ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യം -ഹമദ് രാജാവ്
text_fieldsമനാമ: ബഹ്റൈനിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. മേഖലയിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി ഇരുവരും വിലയിരുത്തി. മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനുള്ള പോംവഴികളെപ്പറ്റിയും ആശയങ്ങൾ പങ്കുവെച്ചു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്നും തടവുകാരെ മോചിപ്പിക്കാനും മാനുഷിക സഹായമെത്തിക്കാനും കഴിയണമെന്നും രാജാവ് വ്യക്തമാക്കി.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിന് അമേരിക്ക പിന്തുണ നൽകുന്നതായി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജനങ്ങൾക്കുനേരെ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് അമേരിക്കയോടൊപ്പമാണ് ബഹ്റൈനുള്ളതെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ചാരിറ്റി, യുവജനകാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.