13ാം വയസ്സിൽ തുടങ്ങിയ പ്രവാസം; അബ്ദുൽ സലീം ഇന്ന് നാട്ടിലേക്ക്
text_fieldsമനാമ: ഇന്ത്യയിലും വിദേശത്തുമായി 43 വർഷത്തോളം നീണ്ട പ്രവാസത്തിനൊടുവിൽ അബ്ദുൽ സലീം പറയുന്നു; ഇനി ജീവിതം സ്വന്തം നാട്ടിൽതന്നെ. ബഹ്റൈനിലെ 30 വർഷത്തോളം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് അദ്ദേഹം ഇന്ന് നാട്ടിലേക്കു തിരിക്കും.തൃശൂർ തളിക്കുളം സ്വദേശിയായ സലീമിെൻറ പ്രവാസം തുടങ്ങുന്നത് 13ാമത്തെ വയസ്സിലാണ്. സ്കൂൾപഠനം പാതിവഴിയിൽ നിർത്തി, കുടുംബത്തിെൻറ പ്രാരബ്ധങ്ങൾ ചുമലിലേറ്റി വണ്ടികയറിയത് മഹാരാഷ്ട്രയിലെ നാസിക്കിലേക്ക്. അവിടെ ഒന്നര വർഷത്തോളം ഹോട്ടൽ ജോലി ചെയ്തു.
പിന്നീട് ഭീവണ്ടിയിലേക്ക് മാറി. അവിടെ മൂന്നു വർഷം ജോലി ചെയ്തു. അതിനുശേഷം മുംബൈയിൽ ടെയ്ലറിങ് സ്ഥാപനത്തിലെത്തി. ഏഴു വർഷത്തെ മുംബൈ ജീവിതത്തിനുശേഷം ബംഗളൂരുവിലും അഹ്മദാബാദിലും എത്തി. അഹ്മദാബാദിൽ ജോലിചെയ്യുേമ്പാഴാണ്, മുംബൈയിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശി വേലായുധൻ മുഖേന ബഹ്റൈനിൽ എത്തുന്നത്. 1990 സെപ്റ്റംബറിലായിരുന്നു അത്. സദ്ദാം ഹുസൈൻ കുവൈത്തിൽ അധിനിവേശം നടത്തിയ സമയം. ഗൾഫ് യുദ്ധത്തിെൻറ ആശങ്കകൾ നിഴലിട്ട നാളുകളിലാണ് ബഹ്റൈനിലേക്കുള്ള വരവ്.മൂന്നു വർഷം തോട്ടത്തിലായിരുന്നു ജോലി. ഒരു വർഷം നിർമാണ മേഖലയിലും ജോലി ചെയ്തു. പിന്നീട് മനാമ സെൻട്രൽ മാർക്കറ്റായി തട്ടകം. അവിടെ ഇന്ത്യൻ പച്ചക്കറിയുടെ കച്ചവടമായിരുന്നു തുടർന്നുള്ള 26 വർഷവും.
വലിയൊരു കുടുംബമാണ് മനാമ സെൻട്രൽ മാർക്കറ്റ്. ഒേട്ടറെ മലയാളികൾ ജോലിചെയ്യുന്ന സ്ഥലം.ഇൗ മാർക്കറ്റിലെ ഒാരോ ദിവസവും മറക്കാനാവാത്തതാണ് അബ്ദുൽ സലീമിന്. പുലർച്ചെ ഒന്നരക്ക് തുടങ്ങി ഉച്ചക്ക് രണ്ടിന് കച്ചവടം തീർന്നാൽ പിന്നെ മലയാളി സുഹൃത്തുക്കൾക്കൊപ്പം രാഷ്ട്രീയംപറച്ചിലും മറ്റുമാണ്. അങ്ങനെ സന്തോഷം മാത്രം നൽകിയ നാളുകളായിരുന്നു സെൻട്രൽ മാർക്കറ്റിലേതെന്ന് അദ്ദേഹം ഒാർക്കുന്നു. കോവിഡ് വന്നതോടെ കച്ചവടം കുറഞ്ഞു. മുന്നോട്ടുപോക്ക് കടുത്ത വെല്ലുവിളിയായപ്പോഴാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചത്.
ഇതിനിടയിൽ സാമൂഹിക പ്രവർത്തനത്തിലും സജീവമാകാൻ സമയം കണ്ടെത്തി. ബഹ്റൈൻ പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് സെക്രട്ടറി, പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ച അബ്ദുൽ സലീം കോവിഡ് കാലത്ത് കിറ്റ് വിതരണം ഉൾപ്പെടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.