റസ്റ്റാറന്റിൽ ജോലിക്കെത്തിച്ച് അനാശാസ്യം; രണ്ട് ഇന്ത്യക്കാർ പ്രതികളായ കേസിൽ വിചാരണ തുടങ്ങി
text_fieldsമനാമ: ഇന്ത്യക്കാരിയായ യുവതിയെ ജോലി വാഗ്ദാനം നൽകി എത്തിച്ചശേഷം അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ പ്രതികളുടെ വിചാരണ തുടങ്ങി. ഇന്ത്യക്കാരായ പുരുഷനും സ്ത്രീയുമാണ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. സൽമാനിയയിൽ താമസിക്കുന്ന 36 കാരനും ഗുദൈബിയയിലുള്ള 25 കാരിയായ യുവതിയുമാണ് പ്രതികൾ.
28 കാരിയായ ഇരയെ ബഹ്റൈനിലെത്തിച്ചശേഷം ഒരു റസ്റ്റാറന്റിൽ പരിചാരികയായി ജോലിക്കെത്തിച്ചശേഷം അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നെന്നാണ് കേസ്. അവധിയില്ലാതെ ദിവസത്തിൽ 12 മണിക്കൂർ ജോലി ചെയ്യിപ്പിച്ചു. ശമ്പളത്തിനു പകരം കസ്റ്റമേഴ്സിൽനിന്ന് ലഭിക്കുന്ന ടിപ്പു മാത്രമായിരുന്നു യുവതിക്ക് ലഭിച്ചിരുന്നത്.
ഉപഭോക്താക്കളിൽനിന്ന് യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായി. പരാതിപ്പെട്ടപ്പോൾ പ്രതിയായ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല പാസ്പോർട്ട് വാങ്ങി സൂക്ഷിക്കുകയും യുവതി രക്ഷപ്പെട്ട് പോകില്ല എന്നുറപ്പാക്കുകയും ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് യുവതിയെ ഇവിടെയെത്തിച്ചത്.
അദിലിയയിലെ അപ്പാർട്മെന്റിൽ തടവിന് സമാനമായ അവസ്ഥയിലായിരുന്ന യുവതി രക്ഷപ്പെട്ട് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ഇരുവരും മറ്റു നിരവധി യുവതികളെയും സമാനമായ രീതിയിൽ ഇവിടെയെത്തിച്ച് ചൂഷണം ചെയ്തതായി കണ്ടെത്തി. ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.