മതേതര കേരളത്തിെൻറ നിലനിൽപ് പ്രധാനം
text_fieldsകേരളം മറ്റൊരു നിയമസഭ െതരഞ്ഞെടുപ്പിനെക്കൂടി അഭിമുഖീകരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ മുന്നണികളെ മാറി മാറി പരീക്ഷിച്ച പാരമ്പര്യമാണ് മലയാളിയുടേത്. ഒരു മുന്നണിയെയും തുടർച്ചയായി അധികാരത്തിൽ ഇരുത്താൻ മാമലനാട് തയാറായിട്ടില്ല. അത് ഇത്തവണയും സംഭവിക്കും എന്നുതന്നെയാണ് നിഷ്പക്ഷരും മതേതര വിശ്വാസികളും ജനാധിപത്യവാദികളുമായ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ, തുടർഭരണം എന്ന ഏക ലക്ഷ്യസാക്ഷാത്കാരത്തിന് ഏതു വളഞ്ഞവഴിയും സ്വീകരിക്കാനുള്ള പടപ്പുറപ്പാടിലാണ് സി.പി.എമ്മും എൽ.ഡി.എഫും.
ഇവിടെ കാഴ്ചക്കാരായി നോക്കിനിൽക്കാനാണ് ആദർശ രാഷ്ട്രീയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വലതു കമ്യൂണിസ്റ്റുകളുടെയും ഗതികേട്. അഴിമതിക്കാരനായ കെ.എം. മാണിയെ യു.ഡി.എഫ് മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അക്രമം നടത്തിയവർ അതേ മാണിയുടെ പാർട്ടിയെ ആലിംഗനം ചെയ്ത് മുന്നിൽ നടത്തുമ്പോൾ മൗനം പാലിക്കാനാണ് സി.പി.ഐക്കാരുടെ വിധി.
യു.ഡി.എഫിൽ ആയിരുന്നപ്പോൾ ലക്ഷങ്ങളുടെ അഴിമതി നടത്തി എന്നാരോപിച്ച് ബാലകൃഷ്ണപിള്ളയെ ജയിലിൽ അടച്ചവർ അദ്ദേഹം ഇടതുമുന്നണിയിൽ എത്തിയപ്പോൾ എല്ലാം മറക്കുകയാണ്. പാർട്ടികളുടെയും വ്യക്തികളുടെയും കാര്യത്തിൽ സി.പി.എം കാണിക്കുന്ന ഈ ഇരട്ടത്താപ്പിനെതിരെ ഉദ്ബുദ്ധരായ കേരള ജനത വിധി എഴുതുകതന്നെ ചെയ്യും.
പ്രവാസികളെ അകറ്റിനിർത്തിയ സർക്കാർ
കോവിഡ് കാലത്ത് ലോകത്ത് ഒരു സമൂഹവും കാണിക്കാത്ത ക്രൂരമായ വിവേചനത്തിനും ഒറ്റപ്പെടുത്തലിനും കേരളത്തിലെ പ്രവാസികൾ വിധേയമായതിെൻറ മുഖ്യ ഉത്തരവാദിത്തം പിണറായി സർക്കാറിനാണ്. ലോകത്ത് ഒരിടത്തും ഇല്ലാത്ത 28 ദിവസത്തെ ക്വാറൻറീൻ അടിച്ചേൽപിച്ച സർക്കാർ കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾ കോവിഡ് വാഹകരും പ്രചാരകരും ആണെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകി. ഇതിെൻറ ഫലമായി ജോലി നഷ്ടപ്പെട്ടും രോഗം മൂലവും ജന്മനാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെ സ്വന്തം വീടുകളിൽപോലും പ്രവേശിപ്പിക്കാത്ത ദുരവസ്ഥ ഉണ്ടായി.
ജോലി നഷ്ടമായി നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളും കേവലം ജലരേഖയായി മാറി. പ്രവാസികളുടെ വോട്ടവകാശ വിഷയത്തിലും കാര്യമായ ഇടപെടലുകൾ ഇടതുസർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. പ്രവാസികളോടുള്ള ഇടത് സമീപനം ആത്മാർഥത ഇല്ലാത്തതാണെന്നതിെൻറ ഉദാഹരണമാണ് ഇതെല്ലാം.
ബി.ജെ.പി-സി.പി.എം ബാന്ധവം പരസ്യമാകുമ്പോൾ
ഇന്ത്യ മുഴുവൻ ആഞ്ഞുവീശിയ മോദി തരംഗത്തിലും പ്രതിരോധത്തിെൻറ കോട്ടകെട്ടി ബി.ജെ.പിയെ തടുത്തുനിർത്തിയ മതേതരത്വത്തിെൻറ പച്ചത്തുരുത്താണ് കേരളം. എന്നാൽ, അധികാരത്തുടർച്ച എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി കേരളത്തിെൻറ മതേതര പാരമ്പര്യം തകർക്കാൻ സി.പി.എം കൂട്ടുനിൽക്കുകയാണ്. ലക്ഷ്യം മർഗത്തെ ന്യായീകരിക്കുന്നു എന്ന മാർക്സിയൻ വിശകലനം ഭരണത്തുടർച്ചക്കുവേണ്ടി ബി.ജെ.പി ബന്ധം ന്യായീകരിക്കാനും ഇപ്പോഴത്തെ സി.പി.എം നേതാക്കൾ ഉപയോഗിച്ചുകൂടായ്കയില്ല.
ബംഗാളിനും ത്രിപുരക്കും ശേഷം ഇപ്പോൾ കേരളത്തിലും ബി.ജെ.പിയിലേക്ക് സി.പി.എം നേതാക്കൾ കൂടുമാറി സ്ഥാനാർഥിത്വം നേടുകയാണ്. ബി.ജെ.പിയുടെ ജോലിയാണ് ഇപ്പോൾ പല വിഷയങ്ങളിലും പിണറായി സർക്കാറും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ചെയ്യുന്നത് എന്നും വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, ഭരണത്തുടർച്ച എന്ന മതിഭ്രമം എല്ലാ തത്ത്വദീക്ഷകളെയും ൈകയൊഴിയാൻ സിപി.എമ്മിനെ ശീലിപ്പിക്കുന്ന ദയനീയ കാഴ്ചയാണ്. സി.പി.എമ്മിനെ കമ്യൂണിസ്റ്റ് മൂല്യങ്ങളിലേക്കു തിരിച്ചുനടത്താനുള്ള ഏകവഴി ഭരണത്തുടർച്ച ഇല്ലാതാക്കി പ്രതിപക്ഷത്തിരുത്തുക എന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ യു.ഡി.എഫ് വിജയം സുനിശ്ചിതമാക്കാനുള്ള ഉത്തരവാദിത്തം മതേതര കേരളത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.