32 പള്ളികളുടെ ഉദ്ഘാടനം റമദാനിൽ പൂർത്തിയായി
text_fieldsമനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 32 പള്ളികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ്
മന്ത്രാലയം അറിയിച്ചു. സുന്നി, ജഅ്ഫരി ഔഖാഫുകൾക്ക് കീഴിലുള്ള പള്ളികളാണ് റമദാനിൽ തന്നെ നിർമാണ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് ആരാധനാലയങ്ങളുടെ നിർമാണത്തിനും പരിചരണത്തിനും വലിയ പിന്തുണയാണ് ലഭിച്ചിരുന്നതെന്ന് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ വ്യക്തമാക്കി. ജനസംഖ്യ വർധനവിനനുസരിച്ച് വിവിധ പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതികൾ സുന്നി, ജഅ്ഫരി ഔഖാഫുകൾ തയാറാക്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പളളികളുടെ നിർമാണത്തിനും പരിചരണത്തിനും ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള പിന്തുണ ഏറെ സന്തോഷകരമാണെന്ന് സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി, ജഅ്ഫരി വഖഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് എന്നിവർ വ്യക്തമാക്കി. മതപരമായ ചൈതന്യം നിലനിർത്തുന്നതിന് ആരാധനാലയങ്ങളുടെ സാന്നിധ്യം അനിവാര്യമാണ്. ജനങ്ങളിൽ ധാർമിക, സദാചാര ബോധവും നന്മകളിൽ മുന്നേറാനുള്ള പ്രേരണകളും നൽകുന്നതിൽ പള്ളികൾ നിർവഹിക്കുന്ന പങ്കിനെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
മുഹറഖിലെ ശൈഖ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മസ്ജിദ്, സൽമാൻ സിറ്റിയിലെ മുഹമ്മദ് അബ്ദുല്ല ബഹ്ലൂൽ വഹറമുഹു ഫാതിമ അൽ ഖാജ മസ്ജിദ്, കർസകാനിലെ ഇമാം ഹുസൈൻ മസ്ജിദ്, സല്ലാഖിലെ ശൈഖ ഫാതിമ ബിൻത് അഹ്മദ് ആൽ ഖലീഫ മസ്ജിദ്, ദിറാസിലെ അബൂസബ്ഹ് മസ്ജിദ്, മനാമയിലെ ആഇശ വഹസൻ അൽ ഖതാൻ മസ്ജിദ്, മറഖിലെ മുസ്തഫ മസ്ജിദ്, മനാമയിലെ അദ്നാൻ ബിൻ അഹ്മദ് ബിൻ യൂസുഫ് അബ്ദുൽ മലിക് മസ്ജിദ്, റിഫയിലെ അൽ നംലയ്തി മസ്ജിദ് എന്നിവയുടെ ഉദ്ഘാടനമാണ് റമദാനിൽ നടന്നത്.
കൂടാതെ സൗത്ത് ഈസ ടൗൺ മസ്ജിദ്, ദേറിലെ അൽ ഖൈഫ് മസ്ജിദ്, ജുർദാബിലെ ശൈഖ് ബിൻത് നാസിർ അൽ സുവൈദി മസ്ജിദ്, റിഫയിലെ അബുൽ ഫത്ഹ് മസ്ജിദ്, അറാദിലെ ഉമർ ബിൻ ഖതാബ് മസ്ജിദ്, മാലികിയയിലെ ജാമിഉന്നബി, ഈസ ടൗണിലെ ഫാതിമ മസ്ജിദ്, മുഹറഖിലെ ബിൻ ദർബാസ് മസ്ജിദ്, റിഫയിലെ അഹ്മദ് ശൈഖാൻ അൽ ഫാരിസി മസ്ജിദ്, റാസ്റുമ്മാനിലെ മുജ്തബ മസ്ജിദ്, മനാമയിലെ ബിൻ മുജ്ബൽ മസ്ജിദ്, ഗുറൈഫയിലെ ഇമാം കാദിം മസ്ജിദ്, മുഹറഖിലെ മുആവദ മസ്ജിദ്, അൽദേഹിലെ തൗഹീദ് മസ്ജിദ്, അറാദിലെ ഉമ്മഹാതുൽ മുഅ്മിനീൻ മസ്ജിദ്, ദിറാസിലെ ശൈഖ് ദർവേഷ് മസ്ജിദ്, ദമസ്താനിലെ ഇമാം രിദ മസ്ജിദ്, ജിദാലിയിലെ ശൈഖ് സഫ്വാൻ മസ്ജിദ്, എകറിലെ അഹ്മദ് അൽ ഹൂത മസ്ജിദ്, നുവൈദറാതിലെ ശൈഖ് അഹ്മദ് അൽ ഹറാബ് മസ്ജിദ്, സാറിലെ അൽ വുസ്ത മസ്ജിദ്, ഹൂറയിലെ അബൂബക്ർ മസ്ജിദ് എന്നിവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.