പ്രവാസികളുടെ മരണവും കാരണവും
text_fieldsകാലത്തിന്റെ കണക്കുകളും പ്രായത്തിന്റെ അതിർവരമ്പുകളും തെറ്റിച്ചുകൊണ്ട് ആരോടും പറയാതെ യാത്രയാകുന്ന പ്രവാസികളുടെ എണ്ണം കൂടിവരുകയാണ്. എന്താണ് ഇതിന് കാരണമെന്നോ അല്ലെങ്കിൽ എവിടെയാണ് പ്രശ്നമെന്നോ ആരും അന്വേഷിക്കുന്നില്ല. കാരണം, എല്ലാവരും അവരവരുടെ ജോലിയിൽ തിരക്കിലാണ്.
2022ൽ കോവിഡ് ബാധിച്ച് ഒരുപാട് ആളുകൾ മരിച്ചു. അത് അവിടെ അവസാനിച്ചു. 2023 തുടക്കം മുതൽ വീണ്ടും മരണത്തിന്റെ മുറവിളിയാണ് ചെവിയിൽ. കൂടെയുള്ളവരെ, സഹകരിച്ച് കൂടപ്പിറപ്പിനെപ്പോലെ നടന്നവരെ ദുഃഖത്തിലാഴ്ത്തിയാണ് മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ എത്തുന്നത്. പലരും ജീവിതത്തിന്റെ പകുതിപോലും എത്താതെയാണ് മരണത്തിലേക്ക് നടക്കുന്നത്.
മരിച്ചുപോകുന്ന മനുഷ്യനെ മറക്കുന്നതിനു മുമ്പേ എന്താണ് മരണകാരണം എന്ന് തിരക്കുന്നത് നല്ലതാണ്. സമയം തെറ്റിയുള്ള ഭക്ഷണവും ജോലിസമ്മർദവും പറയുവാനോ പങ്കുവെക്കാനോ കഴിയാത്ത മാനസിക പ്രശ്നങ്ങളും പിന്നെ കഴിക്കുന്ന ആഹാരവും ഉറക്കമില്ലായ്മയും മനുഷ്യനെ മരണത്തിലേക്ക് എത്തിക്കുന്നു. ജോലിതേടി എത്തുന്നവർക്ക് ഉദ്ദേശിക്കാത്ത ജോലി ലഭിക്കുക, കിട്ടുന്ന ജോലിയിൽ നേരിടുന്ന പ്രശ്നങ്ങൾ ഇതൊക്കെ പലപ്പോഴും ഒരു വ്യക്തിയെ രോഗിയാക്കി മാറ്റുന്നു. ശരീരത്തിന്റെ ഉള്ളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും അതിന്റെ അവസാന സമയമായിരിക്കും അറിയുന്നത്. ശരീരത്തിന്റെ സമനില തകിടം മറിഞ്ഞുകഴിഞ്ഞ് ചികിത്സിച്ചാൽ രക്ഷപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. അത് അവസാനം മരണത്തിലേക്ക് എത്തുന്നു.
ഇത്തിരിപ്പോന്ന കൊച്ചുഹൃദയത്തിന് താങ്ങാൻ കഴിയാത്ത തരത്തിൽ കൂടുതൽ ഭാരമെത്തുമ്പോൾ അറിയാതെ സ്വയം മരണത്തിന് കീഴടങ്ങുന്നു. അതുകൊണ്ട് മരണകാരണം തിരഞ്ഞുപിടിച്ച് വേണ്ട മുൻകരുതൽ സ്വീകരിക്കാം. മാറ്റിനിർത്താതെ എല്ലാവരെയും ഒരുപോലെ കാണാം. ചെറുപ്പകാലത്തെ മരണം ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.