ഇൻബോക്സ്
text_fieldsആകാശച്ചതികൾക്കെതിരായ ശബ്ദം കരുത്താർജിക്കണം
എയർ ഇന്ത്യ അധികൃതർ പ്രവാസികളോട് കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകൾ തുടർക്കഥയായിരിക്കുകയാണ്. കാരണങ്ങളൊന്നുമില്ലാതെതന്നെ യാത്ര വൈകിപ്പിക്കലും സർവിസ് റദ്ദാക്കലും നിത്യസംഭവമായി. ഇന്ത്യൻ വിമാനക്കമ്പനികളുടെ വാർഷിക വരുമാനത്തിന്റെ ഭൂരിഭാഗവും ശേഖരിക്കുന്ന കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരോടാണ് ഈ ക്രൂരത അധികവും കാണിക്കുന്നത്.
സീസൺ സമയങ്ങളിൽ നിരക്ക് വർധിപ്പിക്കുന്നതിന് ഒരു നിയന്ത്രണവുമില്ലാതായിരിക്കുകയാണ്. രണ്ടും മൂന്നും മടങ്ങ് അധിക ചാർജാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. ചാർജ് വർധനക്ക് അധികൃതർ പറയുന്ന ന്യായം യാത്രക്കാർ കൂടുതലുണ്ടെന്നതാണ്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ സർവിസുകൾ വർധിപ്പിക്കുകയെന്ന പരിഹാര മാർഗത്തിനു പകരം സർവിസുകളുടെ നിരക്ക് വർധിപ്പിക്കുന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന ക്രൂരതയല്ലാതെ മറ്റെന്താണ്.
വിമാനമൊഴികെ മറ്റെല്ലാ പൊതുഗതാഗത സേവനങ്ങൾക്കും അവർ നിശ്ചയിക്കുന്ന നിരക്കുകൾക്ക് എല്ലാ കാലത്തും നിയന്ത്രണവും പരിധിയുമുണ്ടാവാറുണ്ട്. എന്നാൽ, എയർ സർവിസ് നിരക്കുകൾ മാത്രം ബൂമറാങ് പോലെ കുതിച്ചുയരുകയാണ് പതിവ്.അതോടൊപ്പം, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനവും കാലിക്കറ്റ് എയർപോർട്ടിൽനിന്ന് മുംബൈയിലേക്ക് 36 വർഷമായി നടത്തിവരുന്ന സർവിസ് നിർത്തലാക്കാനുള്ള തീരുമാനവും പ്രവാസികളെ ഏറെ ദോഷകരമായി ബാധിക്കുന്നതാണ്.
മാത്രമല്ല സാധാരണക്കാരായ പ്രവാസികൾക്ക് ജോലി നഷ്ടവും ധനനഷ്ടവും ചികിത്സയിലുള്ളവരെ കാണാൻ പോലും സാധ്യമാവാത്ത അവസ്ഥയും സംജാതമാകുന്ന സങ്കീർണ പ്രശ്നങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതും അടിയന്തരമായി പരിഹാരമാർഗങ്ങൾ തേടേണ്ടവയുമാണ്.ഇവിടെ, പ്രവാസികളോട് കാണിക്കുന്ന ഈ നീതികരണമില്ലാത്ത ക്രൂരതകൾക്കെതിരായി ഒരുമിച്ചുള്ള പ്രതിഷേധവും പ്രതികരണവും ഉയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
പ്രവാസലോകത്തുനിന്ന് ശബ്ദമുയർത്തുന്നതോടൊപ്പം നാട്ടിലെ അധികാരികളുടെ കണ്ണുതുറപ്പിക്കുംവിധം ഭരണ സിരാകേന്ദ്രങ്ങൾക്കുമുന്നിൽ പ്രവാസികളുടെ ശബ്ദം ഉയർത്താൻ ഈ അവധിക്കാലത്ത് കൂട്ടമായി തീരുമാനമെടുത്ത് മുന്നിട്ടിറങ്ങിയാൽ ഏറെ ജനപിന്തുണ ആർജിക്കാനും അതുവഴി ആകാശച്ചതികൾക്കെതിരായ പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്നതും തീർച്ചയാണ്.
ഫൈസൽ ചെറുവണ്ണൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.