സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കുമ്പോൾ
text_fieldsകുറച്ച് ദിവസമായി കാലിന് ചെറിയ പ്രയാസമുള്ളതിനാൽ കോയമ്പത്തൂരിലെ സ്വകാര്യ ആയുർവേദിക് സെന്ററിൽ ചികിത്സയിലാണ്. ഫോൺ കാളുകളൊന്നും എടുക്കാൻ കഴിയാറില്ല. എന്നാലും ബഹ്റൈനിൽനിന്നു വരുന്ന കാളുകൾ സമയത്തിനനുസരിച്ച് തിരിച്ച് വിളിക്കും. അങ്ങനെയാണ് അറിയാത്ത ഒരു നമ്പറിൽനിന്ന് രണ്ടു തവണകളായി വിളിച്ചത് ശ്രദ്ധയിൽപെട്ടത്. തിരിച്ച് വിളിച്ചപ്പോൾ ബഹ്റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കുടുംബപ്രശ്നമാണ് അദ്ദേഹം പറഞ്ഞത്.
ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണ്. നാലു വയസ്സുള്ള കുട്ടി അവരുടെ കൂടെ ബഹ്റൈനിലും 11 വയസ്സുള്ള മൂത്ത മകൻ നാട്ടിൽ ഭർത്താവിന്റെ രക്ഷിതാക്കൾക്കൊപ്പവുമാണ്. ഭാര്യ നഴ്സും ഭർത്താവ് കമ്പനി അക്കൗണ്ടന്റുമാണ്.ഇവർ തമ്മിൽ ഇടക്കിടെ കലഹങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം തർക്കം രൂക്ഷമായി. മർദനത്തിലെത്തി. സഹിക്കവയ്യാതെ ഭാര്യ പൊലീസിനെ വിളിച്ചു. ഭാര്യയാണ് കുഴപ്പക്കാരി എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ വഴക്ക് ഭർത്താവ് ഫേസ്ബുക്കിൽ ലൈവിട്ടു. എഫ്.ബി ലൈവിനിടെ പൊലീസ് താമസസ്ഥലത്തേക്കു വരുന്നു. അതും ലൈവിൽ പോയി.
പൊലീസ് സ്റ്റേഷനിലെത്തിയ തർക്കത്തിൽ കുടുംബസുഹൃത്തുക്കൾ ഇടപെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഭാര്യ പരാതി പിൻവലിച്ചു. പക്ഷേ, ഭർത്താവിന് സ്റ്റേഷനിൽനിന്ന് ഇറങ്ങാൻ പറ്റിയില്ല. കാരണം ആ സമയത്തുണ്ടായ അമിതമായ ദേഷ്യത്തിൽ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അദ്ദേഹം സൈബർ നിയമലംഘനമാണ് നടത്തിയത്. അങ്ങനെ വരുമ്പോൾ കോടതി നൽകുന്ന എന്തു ശിക്ഷയും നിയമലംഘകൻ ഏറ്റുവാങ്ങേണ്ടിവരും. ഇനി കോടതി കനിഞ്ഞാൽ മാത്രമേ അദ്ദേഹത്തിന് ബഹ്റൈൻ ജയിലിൽനിന്ന് രക്ഷപ്പെടാൻ കഴിയൂ.
അതല്ലെങ്കിൽ നാടുകടത്തലാവും വിധി. ഈ സംഭവം ഗൗരവമായി എടുക്കേണ്ടതാണ്. നിസ്സാര കാര്യങ്ങൾക്കുപോലും വഴക്കുണ്ടാക്കുകയും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നവർക്ക് ഇത് പാഠമാകണം. സോഷ്യൽ മീഡിയ സ്വാധീനത്തിന്റെ ഇരകളായി കുടുംബ ജീവിതത്തിലെ താളപ്പിഴകൾ പ്രചരിപ്പിക്കുന്നത് എത്രമാത്രം ഭവിഷ്യത്തുകൾ വരുത്തിവെക്കുമെന്നതിന്റെ ഉദാഹരണമാണിത്. പ്രവാസലോകത്തെ നിയമ സംവിധാനങ്ങൾക്കനുസൃതമായി വേണം ഇവിടെ ജീവിക്കാൻ. നമ്മുടെ മുഖ്യശത്രു നാംതന്നെയാണ്. അത് മറന്നുപോകരുത്. നമ്മുടെ മക്കൾ ഈ അനുഭവത്തിന്റെ നേർസാക്ഷികളാണെന്നത് നാം ഓർക്കണം. നമ്മുടെ തെറ്റായ വഴികൾ അവരെയും സ്വാധീനിച്ചേക്കാം. ഇതൊരു അഭ്യർഥന മാത്രമാണ്. പ്രവാസലോകത്ത് തെറ്റായ പ്രവൃത്തികൾ തുടരുന്നവർക്കുള്ള മുന്നറിയിപ്പും.
സുബൈർ കണ്ണൂർ ,പ്രതിഭ രക്ഷാധികാരി സമിതി അംഗം
ലോക കേരളസഭാംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.