ആഹ്ളാദനിറവിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsമനാമ: ഐക്യത്തിന്റെയും അഖണ്ഡതയുടേയും സന്ദേശവുമായി പ്രവാസലോകം ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസി കോംപ്ലക്സിൽ നിയുക്ത അംബാസഡർ വിനോദ് കെ. ജേക്കബ് ഇന്ത്യൻ പതാക ഉയർത്തി. 1300ലധികം ഇന്ത്യക്കാർ പരിപാടിയിൽ പങ്കെടുത്തു. നിയുക്ത അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് ദീപക് എന്നിവിടങ്ങളിലെ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെയും ബഹ്‌റൈൻ സന്ദർശിച്ച ഇന്ത്യൻ ഫുട്‌സാൽ ടീമിനെയും നിരവധി തൊഴിലാളികളെയും നിയുക്ത അംബാസഡർ കാണുകയും സ്വാതന്ത്ര്യദിനാശംസകൾ കൈമാറുകയും ചെയ്തു. ഹർ ഘർ തിരംഗാ കാമ്പെയ്‌നിൽ ചേരാൻ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. ത്രിവർണ്ണ പതാകയുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കാൻ സെൽഫി ബൂത്തും എംബസ്സിയിൽ സജ്ജീകരിച്ചിരുന്നു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടേയും ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. മധുരം വിതരണം ചെയ്തും ത്രിവർണ്ണ പതാകയുയർത്തിയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ആഹ്ളാദത്തോടെ 77-ാമത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ദേശഭക്തി ഗാനാലാപനവും ആഘോഷങ്ങളോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടന്നു.
ഇന്ത്യൻ ക്ലബ്ബ്
ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ദേശീയ ത്രിവർണ പതാക ഉയർത്തിയ ശേഷം ദേശീയ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ബഹ്‌റൈൻ കേരളീയ സമാജം
77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ.സി.എ
കേരള കാത്തലിക് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിത്യൻ തോമസ് ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. പ്രസിഡന്റ് നിത്യൻ തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
രാഷ്ട്രപിതാവിന്റെ ആശയങ്ങൾ ഇന്നും ലോകത്തിന്റെ മുന്നിൽ സമാധാനത്തിന് ഉത്തമ മാതൃകയായി നിലകൊള്ളുന്നു എന്നും, ഭാരതത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഇന്ത്യൻ ജനത എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ,ട്രഷറർ അശോക് മാത്യു, സ്പോൺസർഷിപ് ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡന്റുമാരായ വർഗീസ് കാരക്കൽ, ജെയിംസ് ജോൺ, റോയ് സി. ആന്റണി, മുതിർന്ന അംഗങ്ങളായ പീറ്റർ സോളമൻ, ജിൻസ് ജോസഫ്,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഗുരുദേവ സോഷ്യൽ സൊസൈറ്റി
സൽമാനിയ കാനു ഗാർഡനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും, കുട്ടികളും പങ്കെടുത്തു. ചടങ്ങിൽ മധുരം വിതരണം ചെയ്തു.
ഒ.ഐ.സി.സി
മനാമ: ഒ.ഐ.സി.സി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സ്വാതന്ത്ര്യം എന്നത് രാജ്യത്തെ എല്ലാ ആളുകൾക്കും അനുഭവയോഗ്യമാകുവാൻ ഭരണാധികാരികൾ വിഭജനത്തിന്റെ വക്താക്കൾ ആകാതെ ഒരുമയുടെയും, സഹോദര്യത്തിന്റെയും വക്താക്കൾ ആയി മാറണം എന്നും സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, നേതാക്കളായ നസിം തൊടിയൂർ, മിനി മാത്യു, നിസാർ കുന്നംകുളത്തിങ്കൽ,ബ്രയിറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, വില്യം ജോൺ, രഞ്ജിത്ത് പൊന്നാനി, അലക്സ് മഠത്തിൽ, നിജിൽ രമേശ്, ജോജി ജോസഫ് കൊട്ടിയം, കുഞ്ഞുമുഹമ്മദ്, തുളസിദാസ്, റോയ് മാത്യു, ആഷിക് മുരളി, റാഷിക് കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.സി
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കെ.എം.സി.സി ഓഫീസിൽ കെ. എം. സി. സി. സെക്രട്ടറി കെ.കെ.സി. മുനീർ പതാക ഉയർത്തി.
സംസ്ഥാന ഭാരവാഹികളായ ഷാജഹാൻ പരപ്പൻപൊയിൽ, സലീം തളങ്കര എന്നിവരും ജില്ലാ മണ്ഡലം നേതാക്കളായ ഹുസൈൻ വയനാട്, ഹുസൈൻ കാസർകോട്, റിയാസ് ഓമാനൂർ നസീം, മൗസിൽ മൂപ്പൻ, വാഹിദ് തിരൂർ, അഷ്‌റഫ് കാസർകോട് എന്നിവരും പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ
മനാമ: ഇന്ത്യൻ സ്‌കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻഎസ്, അജയകൃഷ്ണൻ വി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഒഫിഷ്യേറ്റിങ് പ്രിൻസിപ്പൽ ബാബു ഖാൻ, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
ചെയർമാൻ പ്രിൻസ് എസ്.നടരാജൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തോടെ ആഘോഷപരിപാടി ആരംഭിച്ചു. സ്കൂൾ ബാൻഡ് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
സീറോ മലബാർ സൊസൈറ്റി
സീറോ മലബാർ സൊസൈറ്റി (സിംസ് )യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക് നിയുക്ത പ്രസിഡണ്ട് ഷാജൻ സെബാസ്റ്റൻ നേതൃത്വം നൽകി. സിംസ് നിയുക്ത ഭരണ സമിതി അംഗങ്ങളായ സബിൻ കുര്യാക്കോസ്, രാജ ജോസഫ്, ലൈജു തോമസ് , മുൻ ഭാരവാഹികളായ ചാൾസ് ആലുക്ക, ജോസഫ് കെ. തോമസ്, ബെന്നി വർഗീസ്, മോൻസി മാത്യു, ജോയ് പോളി, കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ജിജോ ജോർജ്,ലിവിൻ ജിബി, സമ്മർ ക്യാമ്പിലെ കുട്ടികൾ, അധ്യാപകർ , സിംസ് അംഗങ്ങൾ എന്നിവർ പങ്കു ചേർന്നു. സിംസ് കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുടെ ദേശീയ ഗാനാലാപനവും , പ്രച്ഛന്ന വേഷ മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.