ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി ബന്ധം മികച്ചത് -ഇന്ത്യൻ അംബാസഡർ
text_fieldsമനാമ: 73ാം റിപ്പബ്ലിക് ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ആശംസ നേർന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികവും ഇന്ത്യയും ബഹ്റൈൻ തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ സുവർണജൂബിലിയും ആഘോഷിക്കുന്ന വേളയിലാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനവും എന്നത് കൂടുതൽ സന്തോഷം നൽകുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം പുരോഗതിയുടെ പാതയിലാണ്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി 2021 ഏപ്രിലിൽ നടത്തിയ ഇന്ത്യ സന്ദർശനവും ഇന്ത്യൻ വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരൻ ആഗസ്റ്റിൽ നടത്തിയ ബഹ്റൈൻ സന്ദർശനവും പരസ്പരബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്നതായിരുന്നു. യുവജന കാര്യം, ഹൈഡ്രോ കാർബൻ, ഐ.ടി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ മേഖലകളിൽ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർന്നു.
വ്യാപാരത്തിലും നിക്ഷേപത്തിലും ഉൾപ്പെടെ എല്ലാ തലങ്ങളിലും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം സുസ്ഥിരവും ശക്തവുമാണ്.
കഴിഞ്ഞ വർഷം ഇന്ത്യയും ബഹ്റൈനും തമ്മിലെ വ്യാപാരം 1.1 ബില്യൺ ഡോളർ കടന്നു. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള നിക്ഷേപം 1.30 ബില്യൺ ഡോളറായും ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപം 180 മില്യൺ ഡോളറായും ഉയർന്നു.
കോവിഡ് കാലത്ത് ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് വാക്സിനേഷൻ ഉൾപ്പെടെ നൽകിയ പിന്തുണക്ക് ബഹ്റൈനോട് കടപ്പെട്ടിരിക്കുന്നതായും ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും വളർച്ചക്കും വികാസത്തിനും ഒപ്പം ഉഭയകക്ഷിബന്ധത്തിനും പ്രവാസികൾ നൽകുന്ന സംഭാവന വളരെ വലുതാണെന്നും സന്ദേശത്തിൽ അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.