ആരോഗ്യ രംഗത്ത് ഇന്ത്യ-ബഹ്റൈൻ സഹകരണം ശക്തമാക്കുന്നു
text_fieldsമനാമ: ആരോഗ്യ രംഗത്തെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനും ഇന്ത്യയും തമ്മിൽ രൂപവത്കരിച്ച സംയുക്ത വർക്കിങ് ഗ്രൂപ്പിന്റെ ആദ്യ യോഗം ചേർന്നു. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, രോഗ നിർണയം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ബഹ്റൈൻ ആരോഗ്യ മന്ത്രാലയം എന്നിവ ചേർന്നാണ് വർക്കിങ് ഗ്രൂപ്പിന് രൂപം നൽകിയത്. ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ സംഘത്തെ ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ നയിച്ചു.
ബഹ്റൈൻ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടറും ആക്ടിങ് അണ്ടർ സെക്രട്ടറിയുമായ ഡോ. നജാത്ത് മുഹമ്മദ് അബുൽ ഫത്തേ ബഹ്റൈൻ സംഘത്തിന് നേതൃത്വം നൽകി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യ രംഗത്തെ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മരുന്നുകൾക്കുള്ള അംഗീകാര നടപടിക്ക് ഏകരൂപം നൽകുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു. മെഡിക്കൽ പ്രഫഷനലുകളുടെയും വിഗദ്ധരുടെയും പരസ്പര കൈമാറ്റവും ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യ സംബന്ധമായ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതുമാണ് ചർച്ചയിൽ പരിഗണിച്ച മറ്റൊരു വിഷയം. ഇരു രാജ്യങ്ങളുടെയും മെഡിക്കൽ ബിരുദങ്ങൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള സാധ്യതയും ചർച്ച വിഷയമായി.
കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി ഇരുഭാഗവും വിശദമായി അവതരിപ്പിച്ചു. രണ്ട് രാജ്യങ്ങൾക്കും ഫലപ്രദമായി കോവിഡിനെ നേരിടാൻ കഴിഞ്ഞതായും വിലയിരുത്തി. ഈ രംഗത്ത് സഹകരണം തുടരാനും തീരുമാനമായി.
ആരോഗ്യ രംഗത്തെ സഹകരണത്തിന് 2018 ജൂലൈയിൽ ഒപ്പുവെച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. വൈകാതെ തന്നെ സംയുക്ത വർക്കിങ് ഗ്രൂപ്പിന്റെ അടുത്തയോഗം ചേരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.