ഇന്ത്യ- ബഹ്റൈൻ; വ്യാപാര സഹകരണം ശക്തമാക്കും
text_fieldsമനാമ: മൂലധനനിക്ഷേപവും സംയുക്ത സംരംഭങ്ങളും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ബഹ്റൈൻ ഇന്ത്യ സൊസൈറ്റിയും കോൺെഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. മാർച്ച് 14 മുതൽ 18 വരെ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൽ അദേൽ ഫക്രോയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ബഹ്റൈൻ ഇന്ത്യ സൊസൈറ്റിയുടെ പ്രതിനിധി സംഘവും ടീമിനെ അനുഗമിച്ചിരുന്നു.
ന്യൂഡൽഹിയിലും ബോംബെയിലുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വ്യാപാര സഹകരണത്തിന് ധാരണയായതെന്ന് ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ഇരുരാജ്യങ്ങളൂം തമ്മിൽ 1.65 മില്യൺ യു.എസ്. ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം നടന്നിരുന്നു. ഈ വർഷം ഇത് രണ്ടു ബില്യൺ യു.എസ്. ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. പരസ്പര താൽപര്യമുള്ള പല മേഖലകളിലും ഇരുരാജ്യങ്ങളിലെയും വ്യവസായികൾ മൂലധനനിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചർച്ചകൾ തുടരും.
ഉന്നതവിദ്യാഭ്യാസരംഗത്തെ സഹകരണത്തിന് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയും ഗുജറാത്തിലെ പെട്രോളിയം യൂനിവേഴ്സിറ്റിയും ബഹ്റൈനുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്. ഐ.ഐ.ടിയുമായുള്ള സഹകരണമടക്കം ലക്ഷ്യമാക്കി ചർച്ചകൾ മുന്നേറുകയാണ്. നിരവധി ഇന്ത്യൻ കമ്പനികൾ ബഹ്റൈനിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയും വ്യക്തമാക്കി. ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിതല സംഘത്തെ അനുഗമിച്ചത്. പി.എസ്. ബാലസുബ്രഹ്മണ്യൻ, വിജയ് ബോലൂർ, കിഷോർ കേവൽറാം, വി.കെ. തോമസ്, മുഹമ്മദ് മൻസൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെയും അംബാസഡർ പീയൂഷ് ശ്രീവാസ്തവയുടെയും പരിപൂർണ പിന്തുണ ധാരണപത്രം ഒപ്പുവെക്കുന്നതിന് സഹായകമായെന്ന് ബഹ്റൈൻ ഇന്ത്യ സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു.
ബഹ്റൈനിലും ഇന്ത്യയിലും ട്രേഡ് ഫെയറുകളുൾെപ്പടെ സംഘടിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. സാമ്പത്തികവും വ്യാപാരപരവുമായ കാര്യങ്ങളിൽ വിവരങ്ങൾ പങ്കുവെക്കാനും കോൺെഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായുള്ള ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പത്ത് ഇന്ത്യൻ വ്യവസായികളടങ്ങുന്ന ടീമിനെ നിയോഗിക്കുമെന്ന് സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത്ത് ബാനർജി ധാരണപത്രം ഒപ്പുവെക്കുന്ന വേളയിൽ അറിയിച്ചിരുന്നു. ബി.ഐ.എസും സമാനസ്വഭാവത്തിലുള്ള സംഘത്തെ നിയോഗിക്കും. സി.ഐ.ഐ പ്രതിനിധി സംഘം ഉടനെ ബഹ്റൈൻ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ധാരണപത്രത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള നടപടികൾ ഊർജിതമാക്കുമെന്നും വ്യാപാരരംഗത്ത് കൂടുതൽ മെച്ചപ്പെട്ട ഇടപെടലുകളുണ്ടാകുമെന്നും ബി.ഐ.എസ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.