ബെലറൂസിന്റെ ആറാട്ട്; സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി (3-0)
text_fieldsമനാമ: രണ്ടു മത്സരങ്ങളുടെ സൗഹൃദ പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ബഹ്റൈനെതിരായ ആദ്യ മത്സരത്തിൽ പൊരുതിത്തോറ്റതാണെങ്കിൽ ബെലറൂസിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിെന്റ വൻ േതാൽവി ഏറ്റുവാങ്ങുകയായിരുന്നു.
ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ ബെലറൂസിെന്റ ആറാട്ടാണ് കണ്ടത്. സ്റ്റേഡിയത്തിൽ ആവേശക്കാഴ്ചയായ ഇന്ത്യൻ ആരാധകരെ നിശ്ശബ്ദരാക്കുന്നതായിരുന്നു മൂന്ന് ഗോളുകളും പിറന്ന രണ്ടാം പകുതി. 48ാം മിനിറ്റിലാണ് ബെലറൂസ് ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ പ്രതിരോധ നിരയെ മറികടന്നെത്തിയ ലോങ് ബാൾ പകരക്കാരനായി ഇറങ്ങിയ ബൈകൗ ആർട്സെം ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ ഗോളിെന്റ ആവേശത്തിൽ ബെലറൂസ് മത്സരം കടുപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
60ാം മിനിറ്റിൽ ഇന്ത്യൻ നിരയിൽ വി.പി. സുഹൈറിന് പകരം അനികേത് ജാദവ് ഇറങ്ങി. 66ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കുന്നതിനുള്ള സുവർണാവസരം ബെലറൂസ് പാഴാക്കി. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ബെലറൂസ് വീണ്ടും ലക്ഷ്യം കണ്ടു. 68ാം മിനിറ്റിൽ സലാവീ ആന്ദ്രേ ക്ലോസ് റേഞ്ചിൽനിന്ന് നേടിയ ഗോൾ ഇന്ത്യയുടെ പതനത്തിന് ആക്കം കൂട്ടി. അധികസമയത്തിെന്റ രണ്ടാം മിനിറ്റിൽ ഹ്രാമ്യക വലേരി ഇന്ത്യൻ തകർച്ച പൂർണമാക്കി.
പകരക്കാരായി ഇറങ്ങിയ മൂന്നുപേർ ചേർന്ന് ഇന്ത്യയെ ഗോളിൽ മുക്കുന്ന കാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. തുടക്കം മുതൽ പൊരുതിക്കളിച്ച ബെലറൂസ് ഇന്ത്യക്ക് കാര്യമായ അവസരങ്ങളൊന്നും നൽകാതെ മികച്ച കളിയാണ് പുറത്തെടുത്തത്.
ആദ്യ പകുതി ഗോൾരഹിത സമനിലയിലാക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.