സൗഹൃദ ഫുട്ബാൾ: വിജയ മോഹവുമായി ഇന്ത്യ ഇന്ന് ബെലറൂസിനെതിരെ
text_fieldsമനാമ: ബഹ്റൈനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിലെ തോൽവിയുടെ നിരാശ മറന്ന് ഇന്ത്യ ഇന്ന് ബെലറൂസിനെതിരെ കളത്തിലിറങ്ങും. വൈകീട്ട് ഏഴിന് ഈസ ടൗൺ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ആതിഥേയരായ ബഹ്റൈൻ ഇന്ത്യയെ തോൽപിച്ചത്. ബഹ്റൈനെതിരെ ഇതുവരെ നടന്ന ഏഴു മത്സരത്തിൽ ഒന്നിൽപോലും ജയിക്കാൻ കഴിയാത്തതിന്റെ നിരാശയോടെയാണ് ഇന്ത്യൻ സംഘം കളം വിട്ടത്.
നായകൻ കൂടിയായ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു പെനാൽറ്റി രക്ഷപ്പെടുത്തി മികച്ച തുടക്കം നൽകിയ മത്സരത്തിൽ 87ാം മിനിറ്റ് വരെ സമനില പിടിച്ചശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. എങ്കിലും ആവേശകരമായ മത്സരത്തിനൊടുവിലാണ് തോൽവി വഴങ്ങിയതെന്ന ആശ്വാസം ഇന്ത്യക്കുണ്ട്. രാഹുൽ ഭേക്കേയുടെ ആദ്യ അന്താരാഷ്ട്ര ഗോളിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നത്തെ മത്സരത്തിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ശ്രമിക്കുകയെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച നവോറം റോഷൻ സിങ്ങിന്റെ പ്രകടനത്തെക്കുറിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് മികച്ച അഭിപ്രായമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമല്ല, അന്താരാഷ്ട്ര വേദികളിലും ഭാവിയിലെ ഇന്ത്യൻ താരമാണ് റോഷൻ സിങ്ങെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കളിക്കാർക്കും അന്താരാഷ്ട്ര മത്സര പരിചയം നേടുന്നതിനുള്ള അവസരമായിരുന്നു അത്.
എല്ലാവരും നല്ല പോരാട്ടമാണ് കാഴ്ചവെച്ചത്. ദേശീയ ടീമിൽ ഇടം നിലനിർത്താൻ മികച്ച പ്രകടനം തുടരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തയാറെടുപ്പിന് കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും എല്ലാവർക്കും നന്നായി കളിക്കാൻ സാധിച്ചതായി നായകൻ ഗുർപ്രീത് സിങ് സന്ധു പറഞ്ഞു.
വിസ പ്രശ്നം കാരണം തിങ്കളാഴ്ച ഇന്ത്യൻ ടീമിനൊപ്പം വരാൻ കഴിയാതിരുന്ന ഏഴു താരങ്ങളിൽ ആറുപേർ ബുധനാഴ്ച മത്സരത്തിന് തൊട്ടുമുമ്പാണ് എത്തിയത്. ഇവരിൽ അനിരുദ്ധ് ഥാപ്പക്കും അനികേത് ജാദവിനും മാത്രമാണ് ആദ്യ മത്സരത്തിൽ ഇറങ്ങാൻ കഴിഞ്ഞത്. അതും രണ്ടാം പകുതിയിൽ പകരക്കാരായി.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ഹൈദരാബാദ് എഫ്.സിയുടെ പ്രതിരോധ താരം ചിങ്ലെൻസാന സിങ്ങിനെയും മിഡ്ഫീൽഡിലെ കരുത്തൻ ബ്രാൻഡൻ ഫെർണാണ്ടസിനെയും കളിപ്പിക്കുമെന്നാണ് കരുതുന്നത്. മുൻകാലങ്ങളിൽ സന്ദേശ് ജിങ്കാനും ചിങ്ലെൻസാനയും മികച്ച സെന്റർ ബാക്ക് കൂട്ടുകെട്ടാണ് കാഴ്ചവെച്ചിരുന്നത്. ബെലറൂസിനെതിരായ മത്സരത്തിലും ഈ കൂട്ടുകെട്ടിനെ രംഗത്തിറക്കാനാണ് സാധ്യത.
അതേസമയം, ആദ്യ മത്സരത്തിൽ ഗോൾ നേടിയ മുംബൈ സിറ്റിയുടെ ഡിഫൻഡർ രാഹുൽ ഭേക്കേ ഇന്നിറങ്ങില്ല. മുംബൈ സിറ്റിയുടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് തയാറെടുപ്പുകൾക്കായി മൂന്നു താരങ്ങൾ ബഹ്റൈനെതിരായ മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോച്ച് നേരത്തേ അറിയിച്ചിരുന്നു. നേരത്തേ വിസ ലഭിക്കാതിരുന്ന മുംബൈ താരം ബിപിൻ സിങ് ബഹ്റൈനിലേക്ക് വന്നിരുന്നില്ല.
ലോക റാങ്കിങ്ങിൽ ബെലറൂസ് 94ാം സ്ഥാനത്തും ഇന്ത്യ 104ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.