ബഹ്റൈനിൽ ഇന്ത്യൻ കമ്പനികൾ 16.65 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും
text_fieldsമനാമ: ബഹ്റൈനിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ 16.65 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം നടത്തും. ഉൽപാദനം, പുനരുപയോഗ ഊർജം, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി (ഐ.സി.ടി) എന്നീ മേഖലകളിലാണ് വിദേശ നിക്ഷേപം.
സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.
ബഹ്റൈനിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ, നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ഈ മാസം ഒമ്പതുമുതലാണ് ഇന്ത്യയിൽ സന്ദർശനം നടത്തിയത്. പ്രതിനിധി സംഘം മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങൾ സന്ദർശിച്ചിരുന്നു.
സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവുമായ നൂർ അൽ ഖുലൈഫ് ഇന്ത്യൻ നിക്ഷേപത്തെ സ്വാഗതം ചെയ്തു. ഈ കമ്പനികളുടെ വരവ്, ഉൽപാദന-സാങ്കേതിക സ്ഥാപനങ്ങളുടെ കേന്ദ്രമെന്ന നിലയിൽ വളർന്നുവരുന്ന ബഹ്റൈന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷം പ്രശസ്തമാകാൻ സഹായകമാണ്. ബഹ്റൈനിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികളിൽ പ്രമുഖ പാക്കേജിങ് സൊലൂഷൻ പ്രൊവൈഡറായ കിംകോയും ഉൾപ്പെടുന്നു.
ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) മേഖലയിലെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പൂർണമായും ഓട്ടോമേറ്റഡ് ലൈനുകൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹ്റൈൻ ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് പാർക്കിൽ (ബി.ഐ.ഐ.പി) ഉൽപാദന ശേഷി വർധിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. പ്ലാസ്റ്റിക് പാക്കേജിങ് രംഗത്ത് കമ്പനി 2013 മുതൽ ബഹ്റൈനിൽ പ്രവർത്തിക്കുന്നുണ്ട്.
ബജാജ് ഇൻഡസ്ട്രീസും ബഹ്റൈനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് 11.40 മെഗാവാട്ട് സോളാർ പദ്ധതി വികസിപ്പിക്കുന്നതിന് കമ്പനി ഖലീഫ ബിൻ സൽമാൻ തുറമുഖം ഓപറേറ്ററായ എ.പി.എം ടെർമിനൽസുമായി 10 വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
സോളാർ പവർ പ്രോജക്ട് വികസിപ്പിക്കുന്നതിന് 10 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് എ.പി.എം ടെർമിനൽസ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഒരു ഇന്ത്യൻ ഐ.സി.ടി സ്ഥാപനവും ബഹ്റൈനിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. അതിന്റെ പ്രാദേശിക ആസ്ഥാനം ബഹ്റൈനിൽ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. ഇത് ഐ.ടി മേഖലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തും.
പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതികൾക്ക് പുറമേ, നിർമാണ, ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയും നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ട്. അഞ്ചാമതായി ഒരു കമ്പനി ഹെൽത്ത് കെയർ മേഖലയിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ്.
2019 മുതൽ ബഹ്റൈനിലെ ഇന്ത്യൻ നിക്ഷേപത്തിൽ 62 ശതമാനം വളർച്ചയുണ്ട്. 2019നും 2023നും ഇടയിൽ ഇന്ത്യൻ വിദേശനിക്ഷേപം 36.6 ശതമാനം വർധിച്ചു. ഓരോ വർഷവും ശരാശരി 102 ദശലക്ഷം ഡോളറിന്റെ വർധനയുണ്ട്. 2023ൽ ഇന്ത്യയിൽനിന്നുള്ള വിദേശനിക്ഷേപം 1.52 ബില്യൺ ഡോളറിലെത്തി.
ബഹ്റൈനിലെ ആറാമത്തെ മികച്ച നിക്ഷേപ രാജ്യം കൂടിയാണ് ഇന്ത്യ. ബഹ്റൈനിലെ മൊത്തം വിദേശനിക്ഷേപത്തിന്റെ നാലു ശതമാനം വരുമിത്. ടെക് മഹീന്ദ്ര, കെംകോ, ഇലക്ട്രോ സ്റ്റീൽ, പാർലെ ബിസ്കറ്റ്സ്, ജെ.ബി.എഫ് ഇൻഡസ്ട്രീസ്, അൾട്രാ ടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, കിംസ് ഹെൽത്ത് എന്നിവ ഉൾപ്പെടുന്ന നിരവധി പ്രമുഖ ഇന്ത്യൻ കമ്പനികൾ ബഹ്റൈനിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.