തൊഴിലാളികൾക്ക് ആശ്വാസമായി ഓപൺഹൗസ്
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ തൊഴിൽപരമായും മറ്റുമുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. നിലവിലെ കോവിഡ് സാഹചര്യങ്ങൾ, ഇന്ത്യയും ബഹ്റൈനും തമ്മിലെ സഹകരണത്തിന്റെ പുരോഗതി എന്നിവയെക്കുറിച്ച് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപൺഹൗസിൽ വിശദീകരിച്ചു.
കോവിഡ് കേസുകൾ ഇന്ത്യയിലും ബഹ്റൈനിലും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏറക്കുറെ ഇല്ലാതായിട്ടുണ്ട്. പൂർണമായും വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റോ ക്വാറന്റീനോ ഇല്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും. അതേസമയം, കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഇന്ത്യൻ അംബാസഡർ പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു.
ഈ മാസം ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് അംബാസഡർ പറഞ്ഞു. വിവിധ തലങ്ങളിലെ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ബഹ്റൈനിലെ സ്വാമി നാരായൺ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചതിന് ഹമദ് രാജാവിനും കിരീടാവകാശിക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചു. പുനരുപയോഗിക്കാവുന്ന ഊർജം, ആരോഗ്യപരിപാലനം എന്നീ മേഖലകളിൽ പരസ്പര സഹകരണത്തിനായി ഈ മാസം ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകളെക്കുറിച്ചും അംബാസഡർ വിശദീകരിച്ചു. ബഹ്റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യത്തിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ നടന്നത്. ഇന്ത്യൻ പ്രഫഷനലുകൾക്കും വിദഗ്ധ തൊഴിലാളികൾക്കും ഇത് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യും.
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ തുടങ്ങിയ അസോസിയേഷനുകളെയും സന്നദ്ധ പ്രവർത്തകരെയും ഇന്ത്യക്കാരും ബഹ്റൈനികളുമായ ബിസിനസുകാരെയും അദ്ദേഹം അഭിനന്ദിച്ചു. എംബസിയുടെ അഭിഭാഷക പാനലിൽ ഉള്ളവരുടെ സേവനത്തെയും അദ്ദേഹം പ്രശംസിച്ചു. തൊഴിലാളികളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവരുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട്.
ഒരുമാസത്തിനിടെ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളും അംബാസഡർ വിശദീകരിച്ചു. ആറ് മാസമായി കോവിഡ് പോസിറ്റിവായ വെങ്കിടേഷ് എന്നയാളെ എയർ ആംബുലൻസിൽ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞു. നാല് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും വിജയകരമായി പരിഹരിച്ചു. കഴിഞ്ഞ ഓപൺ ഹൗസിൽ എംബസിയുടെ സഹായം തേടിയ ഷമീൻ, ഗിഞ്ജാല ഭവാനി, ശിവലിംഗം, കെ. പ്രശാന്തി എന്നിവരുടെ പരാതികൾക്കും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞു. ഹരികൃഷ്ണൻ, കുഞ്ചത്താൻ രാമാനന്ദൻ എന്നിവരുടെ കേസുകളിൽ കാര്യമായ പുരോഗതി കൈവരിക്കാനും സാധിച്ചതായും അംബാസഡർ അറിയിച്ചു. വെള്ളിയാഴ്ച ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന പരാതികളിൽ ചിലതിൽ ഉടൻ പരിഹാരം കണ്ടു. മറ്റുള്ളവ തുടർനടപടികൾക്കായി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.