തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരവുമായി ഇന്ത്യൻ എംബസി ഓപൺ ഹൗസ്
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ ഓപൺ ഹൗസ് നടന്നു. ചാർജ് ഡി അഫയേഴ്സ് ഇഹ്ജാസ് അസ്ലമിന്റെ നേതൃത്വത്തിൽ എംബസി കോൺസുലർ ടീമും അഭിഭാഷക പാനലും പങ്കെടുത്തു. 25ലധികം ഇന്ത്യക്കാർ തൊഴിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
എല്ലാ മാസവും അവസാന വെള്ളിയാഴ്ച നടക്കുന്ന ഓപൺ ഹൗസ് തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേദിയായി തുടരുന്നതിൽ ചാർജ് ഡി അഫയേഴ്സ് ഇഹ്ജാസ് അസ്ലം സന്തോഷം രേഖപ്പെടുത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകുന്ന പിന്തുണക്കും സഹകരണത്തിനും ബഹ്റൈൻ സർക്കാറിന് അദ്ദേഹം നന്ദി പറഞ്ഞു.
ഐ.സി.ആർ.എഫ്, എ.ടി.എം, ടി.കെ.എസ്, ഇന്ത്യൻ ക്ലബ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, കെ.എം.സി.സി, ബുദയ്യ ഗുരുദ്വാര, ബി.കെ.എസ്, ഭാരതി അസോസിയേഷൻ, ടാസ്ക എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ അസോസിയേഷനുകളെയും അദ്ദേഹം നന്ദി അറിയിച്ചു. ആഗസ്റ്റ് 15ന് ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനത്തിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ കമ്യൂണിറ്റി അംഗങ്ങളെയും അദ്ദേഹം ക്ഷണിച്ചു.
എംബസി പരിസരത്ത് രാവിലെ 6.45നാണ് പതാക ഉയർത്തൽ. നിര്യാതനായ ചെല്ലയ്യ എന്നയാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി സഹായം നൽകി. ബഹ്റൈനിൽ കുടുങ്ങിയ ഒരു വീട്ടുജോലിക്കാരിയുടെയും ഒരു സ്ത്രീയുടെയും കേസുകൾ പരിഹരിക്കാനും അവരെ നാട്ടിലെത്തിക്കാനും എംബസിയുടെ ഇടപെടലിലൂടെ കഴിഞ്ഞു. കമ്യൂണിറ്റി അംഗങ്ങളുടെ പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും ഓപൺ ഹൗസിൽ പരിഹരിച്ചെന്ന് ചാർജ് ഡി അഫയേഴ്സ് അറിയിച്ചു. മറ്റുള്ളവ ഉടൻ പരിഹരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.