ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓപൺ ഹൗസ് ശ്രദ്ധേയമായി. അംബാസഡർ പിയൂഷ് ശ്രീവാസ്തവയും എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും സന്നിഹിതരായിരുന്നു. ഓപൺ ഹൗസിൽ 60ലധികം ഇന്ത്യക്കാർ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സന്ദർശന വേളയിൽ നടന്ന വിവിധ പരിപാടികളിൽ ഇന്ത്യൻ സമൂഹത്തിന്റെ വൻതോതിലുള്ള പങ്കാളിത്തത്തിന് അംബാസഡർ നന്ദി പറഞ്ഞു. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി അംബാസഡർ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരത്തിന് ബഹ്റൈൻ അധികൃതരുടെ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചതിന് ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അംബാസഡർ നന്ദി പറഞ്ഞു. പലവിധ കാരണങ്ങളാൽ സ്വദേശത്തേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടിലായ എട്ട് തൊഴിലാളികളെ ബഹ്റൈനിലെ ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയുടെ പിന്തുണയോടെ നാട്ടിലേക്കയക്കാൻ എംബസിയുടെ ഇടപെടൽ മുഖാന്തരം കഴിഞ്ഞെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരെ താമസ സൗകര്യമടക്കം നൽകി എംബസി സഹായിക്കുന്നുണ്ട്.
ഐ.സി.ഡബ്ല്യു.എഫ് വഴി ആവശ്യമുള്ള ആളുകൾക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും അനുവദിച്ചു. ഓപൺ ഹൗസിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ ഉടൻ പരിഹരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.