പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ സംസ്കാരത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കുന്നതിൽ അഭിമാനം -മുൻ രാഷ്ട്രപതി
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ സംസ്കാരത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യൻ പ്രവാസി സമൂഹത്തെ ഹൃദയംഗമമായി സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹമദ് രാജാവിനും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അഭിവാദ്യങ്ങൾ അർപ്പിക്കുകയാണെന്നും ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിൽ നടന്ന ട്രിബ്യൂട്ട് ടു ബഹ്റൈൻ പരിപാടിയിൽ ‘സംസ്കാരങ്ങളുടെ സംഗമം- മാനവികതയുടെ ആത്മാവ് ’ വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും എന്നും സമാധാനപരമായ സഹവർത്തിത്വമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. വിശ്വമാനവികതയും സാഹോദര്യവും പുലരണമെന്നാണ് ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാട്. കാഴ്ചപ്പാടുകളിലുള്ള ഈ സമാനതയാണ് ബഹ്റൈനും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തമായി തുടരുന്നതിന് കാരണം. സത്യസന്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ത്യയുടെ അഭിമാനം ലോകമാകെ പ്രവാസി ഇന്ത്യക്കാർ വ്യാപിക്കുകയാണെന്ന് പറയുന്നതിൽ സന്തോഷമുണ്ട്.
മാനവികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ശ്രമങ്ങളെ രാജ്യം എന്നും ആദരപൂർവമാണ് കണ്ടിട്ടുള്ളത്. മികച്ച സംഭാവന നൽകിയിട്ടുള്ള പ്രവാസികൾക്ക് പ്രവാസി സമ്മാൻ അടക്കം സർക്കാർ നൽകുന്നു. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സന്ദേശവാഹകരായി തുടരാൻ ഇനിയും പ്രവാസി സമൂഹത്തിന് സാധിക്കണം. ഒരു ജാതി, ഒരു മതം എന്ന മഹത്തായ സന്ദേശം നൽകി മനുഷ്യകുലത്തെ ഒരുമയിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആചരണങ്ങളുടെ ഭാഗമായാണ് ബഹ്റൈനിൽ വന്നിരിക്കുന്നത്. സമൂഹത്തെ മുന്നോട്ടുനയിച്ച ഗുരുവിന്റെ ആശയങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്.
വ്യത്യസ്ത ജനവിഭാഗങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും അവരുടെ സ്നേഹത്തിനും ആതിഥേയത്വത്തിനും ഒരിക്കൽക്കൂടി നന്ദിപറയുകയാണെന്നും മുൻ രാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ സമൂഹത്തിനുവേണ്ടി രക്ഷാധികാരി കെ.ജി. ബാബുരാജൻ അതിഥികളെ സ്വാഗതം ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എന്നിവർ സംസാരിച്ചു.
എസ്.എൻ.സി.എസ് പ്രസിഡന്റ് സുനീഷ് സുശീലൻ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്), ഗുരു സേവാസമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.