ഇന്ത്യൻ കയറ്റുമതിക്കാരുടെ സംഘത്തിന് ബഹ്റൈനിൽ ഊഷ്മള സ്വീകരണം
text_fieldsമനാമ: ഇന്ത്യ- ബഹ്റൈൻ വ്യാപാര, നിക്ഷേപ സാധ്യതകൾക്ക് പുതിയ വഴികൾ തുറന്നുകൊണ്ട് ഇന്ത്യൻ കയറ്റുമതിക്കാരുടെ സംഘം ബഹ്റൈൻ സന്ദർശിച്ചു. അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) നേതൃത്വത്തിൽ 27 അംഗ ഇന്ത്യൻ പ്രതിനിധിസംഘമാണ് സന്ദർശനം നടത്തിയത്. ബസുമതി അരി, സംസ്കരിച്ച ഭക്ഷണം, മൃഗഉൽപന്നങ്ങൾ എന്നിവയുടെയടക്കം ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതിക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രി (ബി.സി.സി.ഐ), ബഹ്റൈൻ ഇന്ത്യ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ എംബസി, ഇവർക്കായി ബിസിനസ് മീറ്റിങ് സംഘടിപ്പിച്ചു.
മീറ്റിങ്ങിൽ നൂറിലധികം ബഹ്റൈൻ വ്യവസായികൾ പങ്കെടുത്തു. ബി.സി.സി.ഐ ചെയർമാൻ സമീർ അബ്ദുള്ള നാസ്, ബഹ്റൈൻ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപക ചെയർമാൻ അബ്ദുൽനബി അൽഷോല, ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.ഇന്ത്യൻ ഉൽപന്നങ്ങളെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അൽ ജസീറ, ലുലു സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ബസുമതി റൈസ് കൊണ്ട് നിർമിച്ച ബിരിയാണി മേള സംഘടിപ്പിച്ചിരുന്നു.
ഹലാൽ മീറ്റ് വിപണനം സംബന്ധിച്ച് പ്രതിനിധി സംഘം ഭക്ഷ്യസുരക്ഷക്കുള്ള പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റുമായും മുനിസിപ്പാലിറ്റി ആൻഡ് അഗ്രികൾചർ മന്ത്രാലയവുമായും കൂടിക്കാഴ്ചകൾ നടത്തി.
പരമ്പരാഗതമായി, ബഹ്റൈനിലേക്ക് അരി, മാംസം, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. സമീപകാലത്തായി ഇന്ത്യൻ നിർമിത സംസ്കരിച്ച ഭക്ഷ്യോൽപന്നങ്ങൾ, ഓർഗാനിക് ഭക്ഷ്യവസ്തുക്കൾ, പാലുൽപന്നങ്ങൾ എന്നിവക്ക് ബഹ്റൈനിൽ ജനപ്രീതിയേറിയിട്ടുണ്ട്.
ഉയർന്ന ഗുണമേന്മയുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളാണ് ഇന്ത്യയിൽനിന്ന്, കയറ്റുമതി ചെയ്യുന്നത്. ഗുണനിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കാനും വിവിധ ഉൽപന്നങ്ങൾക്കും കയറ്റുമതിക്കാർക്കും ടെസ്റ്റിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യാനായി സർക്കാർ രാജ്യവ്യാപകമായി നിരവധി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഹലാൽ ഉൽപന്നങ്ങളുടെ പരിശോധനക്ക് ഇന്ത്യൻ ഗവൺമെന്റ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയെ (ക്യു.സി.ഐ) അധികാരപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള നിരീക്ഷണ ഏജൻസിയായി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ബഹ്റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 900 ദശലക്ഷം യു.എസ് ഡോളർ
മനാമ: 2023 മുതൽ 24 വരെയുള്ള കാലയളവിൽ ബഹ്റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഏകദേശം 900 ദശലക്ഷം യു.എസ് ഡോളറാണെന്ന് അംബാസഡർ വിനോദ് കെ. ജേക്കബ് പറഞ്ഞു. 829 ദശലക്ഷം യു.എസ് ഡോളറിന്റെ സാധനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഭക്ഷ്യ-കാർഷിക വിഭവങ്ങളാണ് ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രധാന മേഖലകൾ. കഴിഞ്ഞ വർഷം ഇന്ത്യ 67.68 ദശലക്ഷം ഡോളറിന്റെ അരിയും 22 ദശലക്ഷം ഡോളർ വിലമതിക്കുന്ന എല്ലില്ലാത്ത മാംസവും കയറ്റുമതി ചെയ്തു. 2023-24 ലെ ഇന്ത്യയുടെ ആഗോള കയറ്റുമതി 48.76 ബില്യൺ യു.എസ് ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.