പവിഴദ്വീപിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമ; ബോളിവുഡ്, ബഹ്റൈൻ അഭിനേതാക്കൾ
text_fieldsമനാമ: പവിഴദ്വീപിന്റെ മനോഹര പശ്ചാത്തലത്തെ അഭ്രപാളികളിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ സിനിമ സംവിധായകനും എഴുത്തുകാരനുമായ സനാനെ രാജ്സിംഗ്. ആരെയും കൊതിപ്പിക്കുന്ന ബഹ്റൈനിലെ ബീച്ചുകളും പുരാതന സംസ്കൃതിയുടെ പ്രൗഡമായ അവശേഷിപ്പുകളും പശ്ചാത്തലമാക്കി ബോളിവുഡ് ചിത്രത്തിന്റെ ആലോചനയിലാണെന്ന് അദ്ദേഹം പറയുന്നു.
ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തിയത്. രാജ്യത്ത് സിനിമ വന്നിട്ട് 100 വർഷമായ വേളയിലായിരുന്നു മേളയുടെ മൂന്നാം പതിപ്പ് നടന്നത്. വാർത്ത വിനിമയ മന്ത്രി ഡോ. റംസാൻ അൽ നുഐമിയാണ് മേള ഉദ്ഘാടനം ചെയ്തത്.
കോട്ടകൾ, ട്രീ ഓഫ് ലൈഫ് പോലെയുള്ള വിസ്മയങ്ങൾ, പേളിങ് പാത്ത് അടക്കമുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവയുടെ പശ്ചാത്തലം പാട്ടുകളും നൃത്തങ്ങളുമൊക്കെയുള്ള ബോളിവുഡ് ചിത്രത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഹിന്ദി സംഭാഷണങ്ങളോടെ അറബിയിലായിരിക്കും ചിത്രീകരണം. അടുത്ത ഫെബ്രുവരിയോടെ തിരക്കഥ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബഹ്റൈൻ ടൂറിസത്തിന്റെ പ്രചാരണത്തിനായി ബോളിവുഡ് അഭിനേതാക്കളെ ഉൾപ്പെടുത്തി പരസ്യചിത്രമടക്കം ആലോചനയിലുണ്ട്. ഷാഹിദ് കപൂർ, ആലിയ ഭട്ട്, അടക്കം അഭിനേതാക്കളെയാണ് ഉദ്ദേശിക്കുന്നത്. നിരവധി ഇന്ത്യൻ, അന്തർദേശീയ പ്രോജക്ടുകൾ ചെയ്തിട്ടുള്ള സനാനെ രാജ്സിംങിന്റെ ആദ്യ ചിത്രമായ ബിയോണ്ട് ബ്ലൂ - ആൻ അൺനർവിംഗ് ടെയിൽ ഓഫ് എ ഡിമെന്റഡ് മൈൻഡ്, 2015ൽ കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
കളർബാജ് എന്ന ഗുജറാത്തി സിനിമ, 2017-ൽ പുറത്തിറങ്ങി. അതിനുശേഷം അദ്ദേഹം ദുബൈ കേന്ദ്രമായി അന്താരാഷ്ട്ര പ്രോജക്ടുകൾ ചെയ്തു. നിരവധി ടിവി ഷോകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു.
1988-ൽ മഹാരാഷ്ട്രയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. ഗുജറാത്തി സിനിമക്ക് നൽകിയ സംഭാവനകൾക്ക് ഗൗരവ്വന്ത ഗുജറാത്തി അവാർഡ് ലഭിച്ചിട്ടുണ്ട്. 2013-ൽ ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ഹസ്ത്കല മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.