ഇന്ത്യൻ പ്രധാനമന്ത്രി ട്വിറ്ററിൽ ഷെയർ ചെയ്തു; ആ സംഗീത വീഡിയോ ലോകം കണ്ടു
text_fieldsമനാമ: ബഹ്റൈൻ ഗായിക നൂർ അറാദ് കോട്ടയുടെ പശ്ചാത്തലത്തിൽ ആലപിച്ച ‘വൈഷ്ണവ ജനതോ’ മ്യൂസിക് ആൽബം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ ഷെയർ ചെയ്തതോടെ ആൽബവും ഗായികയും ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. മഹാത്മഗാന്ധിയുടെ 150 ാം ജൻമദിനം പ്രമാണിച്ചാണ് അദ്ദേഹത്തിെൻറ ഇഷ്ട ഭജന നൂർ ആലപിച്ചത്. പ്രശസ്ത ബഹ്റൈനി ഗായിക എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നൂറിെൻറ ഗാനത്തിെൻറ യൂട്യൂബ്ലിങ്കും ഗാന്ധിജിയുടെ 150 ാം ജൻമവാർഷികവും ഒാർമ്മപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇതോടെ ലോകം നൂറിെൻറ മ്യൂസിക് ആൽബം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, നരേന്ദ്രമോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ബഹ്റൈെൻറ ദീർഘവും സമ്പന്നവുമായ പൈതൃകത്തിലും സഹവർത്തിത്വത്തിലും തങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം കുറിച്ചു. ‘വൈഷ്ണവ ജന തോ’മ്യൂസിക് വീഡിയോ തയ്യാറാക്കിയതും യുട്യൂബിൽ അവതരിപ്പിച്ചിരിക്കുന്നത് ബഹ്റൈനിലെ ഇന്ത്യൻ എംബസിയാണ്. ഒക്ടോബർ രണ്ടിന് നടന്ന ഇന്ത്യൻ എംബസിയുടെ ഗാന്ധിജയന്തി ആഘോഷ ചടങ്ങിൽ ഇൗ മ്യൂസിക് ആൽബം പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ എംബസിക്ക് വേണ്ടി സൽമാനിയ സ്റ്റുഡിയോയിലെ മലയാളികളായ അൻസാരി, ഹുസൈൻ എന്നിവരാണ് ആൽബം ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.