204 കടന്ന് ഇന്ത്യൻ രൂപ; പ്രവാസികൾക്ക് 'നല്ല സമയം'
text_fieldsമനാമ: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ മണി എക്സ്ചേഞ്ചുകളിൽ പണം അയക്കാൻ തിരക്ക്. ഒരു ബഹ്റൈൻ ദീനാറിന് 204 രൂപ എന്ന നിലയിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യമെത്തി. സമീപകാലത്ത് ആദ്യമായാണ് ഈ നിരക്ക് ലഭിക്കുന്നത്. തിങ്കളാഴ്ച യു.എസ് ഡോളറിനെതിരെ 77.46 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. 55 പൈസയാണ് ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത്. പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ നാട്ടിലേക്ക് പണം അയക്കാൻ എക്സ്ചേഞ്ചുകളിലും തിരക്കേറി. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയമൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക.
അന്താരാഷ്ട്രതലത്തിൽ യു.എസ് ഡോളർ കരുത്താർജിച്ചതും കഴിഞ്ഞ ആഴ്ച യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതുമാണ് രൂപയുടെ മൂല്യത്തകർച്ചക്ക് പ്രധാന കാരണങ്ങൾ. ഇന്ത്യൻ ഓഹരി വിപണിയിൽ സമീപ ദിവസങ്ങളിലുണ്ടായ കനത്ത തകർച്ചയും രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ കാരണമായി. വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിന്മാറിയതാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.
യുക്രെയ്ൻ-റഷ്യ പ്രതിസന്ധിയും ചൈനയിലെ കർശനമായ ലോക്ഡൗണുകളും കാരണം വിപണിയിൽ അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ഇത് സുരക്ഷിത താവളമെന്ന നിലയിൽ യു.എസ് ഡോളറിലേക്ക് നിക്ഷേപകരെ ആകർഷിച്ചു. റിസർവ് ബാങ്കിന്റെ അടിയന്തര ഇടപെടലില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും താഴുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.