ഇന്ത്യൻ സ്കൂൾ: അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം -ഇൻഡക്സ് പാരന്റ്സ് ഫോറം
text_fieldsമനാമ: യൂത്ത് ഫെസ്റ്റിവൽ, മെഗാഫെയറുകൾ തുടങ്ങിയവ കുട്ടികളുടെ പഠനത്തെ ബാധിക്കാതെ നടത്താനുള്ള ശ്രദ്ധ ഇന്ത്യൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഇൻഡക്സ് പാരന്റ്സ് ഫോറം ആവശ്യപ്പെട്ടു. ആവശ്യമായ സഹകരണം നൽകി സ്കൂൾ മെഗാ ഫെയർ വിജയിപ്പിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ഓൺലൈനായി നടത്താൻ ഉദ്ദേശിച്ച യൂത്ത് ഫെസ്റ്റിവൽ ഓഫ്ലൈനായി നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ടിരുന്നെങ്കിൽ അമിത സമ്മർദം ഒഴിവാക്കാമായിരുന്നു. കോവിഡ് കാലത്ത് അധ്യാപകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവർക്ക് തക്കതായ പ്രോത്സാഹനം നൽകേണ്ടതുണ്ട്. കുറെ വർഷമായി ശമ്പള വർധന ലഭിക്കാത്ത അധ്യാപകരാണ് അധികവും. അവർക്കുകൂടി ഗുണകരമാവുന്ന രീതിയിൽ മെഗാ ഫെയറുകൾ മാറേണ്ടതുണ്ട്.
മുൻകാലങ്ങളിൽ ഫെയറിനുശേഷം വേതന വർധന എന്ന വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ നടപ്പിലായിരുന്നില്ല. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഫീസിൽ ഇളവ് ലഭ്യമാക്കാനും ഫെയറിൽ നിന്നുള്ള വരുമാനം ഉപയോഗിക്കാറുണ്ട്. 100 ശതമാനവും അർഹരായവർക്ക് മാത്രമാണ് ഇത്തരം സഹായങ്ങൾ എത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണസമിതിയുടെ കടമയാണ്. പാഠ്യേതര കാര്യങ്ങളിലുള്ള കുട്ടികളുടെ കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യൂത്ത് ഫെസ്റ്റിവലും സ്കൂളിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന മെഗാഫെയറുകളും അത്യാവശ്യമാണ്. ഏത് ഭരണസമിതിയുടെ കാലത്തും നടക്കുന്ന കാര്യമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.