ഇന്ത്യൻ സ്കൂൾ വാർഷിക ഫെയർ 19, 20 തീയതികളിൽ
text_fieldsമനാമ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം, സ്റ്റാർ വിഷൻ ഇവന്റ്സും പവേർഡ് ബൈ ലുലുവും അവതരിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഡിസംബർ 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേള വിജയിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽനിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരം നൽകുകയെന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടി നടക്കും. രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻകർ നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത പരിപാടികൾ അരങ്ങേറും. രണ്ട് ദിവസവും വൈകുന്നേരം ആറു മുതൽ രാത്രി 11 വരെ പരിപാടി നടക്കും. മേളയുടെ വിജയം ഉറപ്പാക്കാൻ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. 501 അംഗ കമ്മിറ്റിയിൽ രക്ഷിതാക്കൾ, അധ്യാപകർ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു.
ജനറൽ കൺവീനർ വിപിൻ കുമാറാണ് സംഘാടക സമിതിയുടെ നേതൃത്വം വഹിക്കുന്നത്. സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റിയും വിവിധ സംഘടനകളുടെ പ്രതിനിധികളും സംഘാടക സമിതിയിൽ ഉൾപ്പെടുന്നു. ജനറൽ കൺവീനറുടെ നേതൃത്വത്തിൽ, കൺവീനർമാർ, കോഓഡിനേറ്റർമാർ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഉപസമിതികൾ രൂപവത്കരിച്ചു.
ഔട്ട്ഡോർ കാറ്ററിങ് ലൈസൻസുള്ള ഭക്ഷണ സ്റ്റാളുകൾ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ സ്കൂൾ മേളയിൽ ഒരുക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 11,900ലധികം വിദ്യാർഥികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.
വിദ്യാർഥികളെയും ജീവനക്കാരെയും പിന്തുണക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് സ്കൂൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലെ സ്റ്റാൾ ബുക്കിങ്ങിന് സ്കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയുടെ ഭാഗമായി, വിദ്യാർഥികളുടെ കലാ പ്രദർശനം സന്ദർശകർക്ക് പുതിയ അനുഭവം നൽകും.ഇന്ത്യൻ സ്കൂളിനു സമീപമുള്ള നാഷനൽ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം ലഭ്യമാകും.
മേള നടക്കുന്ന ദിവസങ്ങളിൽ സ്കൂൾ കാമ്പസിൽനിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവിസ് ലഭ്യമാകും. ജഷൻമാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും. മേളയും അതിന്റെ പരിസരവും സി.സി ടി.വി നിരീക്ഷണത്തിലും സുരക്ഷാ പരിരക്ഷയിലും ആയിരിക്കും. രണ്ട് ഗ്രൗണ്ടുകളിലും സന്ദർശകർക്ക് പരിപാടി കാണാൻ വലിയ എൽ.ഇ.ഡി ഡിസ് പ്ലേകൾ ഉണ്ടായിരിക്കും.
രണ്ടു ദീനാർ പ്രവേശന ഫീസുള്ള വാർഷിക മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ ഉൾപ്പെടും. കമ്യൂണിറ്റി സ്കൂളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജനറൽ കൺവീനർ വിപിൻ കുമാർ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സി.ഇ.ഒയുമായ സേതുരാജ് കടയ്ക്കൽ,വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ(പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്പോർട്ട്), ബിജു ജോർജ്, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മേള സംഘാടക സമിതി പ്രതിനിധികളായ സന്തോഷ് ബാബു, ഷാഫി പാറക്കട്ട, അബ്ദുൽ ഹക്കിം, ദേവദാസ് സി, ഫൈസൽ മടപ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, സന്തോഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഫെയർ ടിക്കറ്റ് പുറത്തിറക്കി
മനാമ: ഇന്ത്യൻ സ്കൂളിന്റെ സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന വാർഷിക സാംസ്കാരിക മേളയു ടെ ടിക്കറ്റ് പ്രകാശനം വ്യാഴാഴ്ച (ഡിസംബർ 12) ഇന്ത്യൻ സ്കൂൾ യുവജനോത്സവ അവാർഡ് ദാന ചടങ്ങിൽ നടന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിൽനിന്നും കമ്യൂണിറ്റി ലീഡറും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് ഹുസൈൻ മാലിം ടിക്കറ്റ് ഏറ്റുവാങ്ങി.
സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഫെയർ ജനറൽ കൺവീനർ വിപിൻ പി.എം, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സി.ഇ.ഒയുമായ സേതുരാജ് കടയ്ക്കൽ, സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്പോർട്ട്), പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്റണി, മുൻ ഇ.സി അംഗം രാജേഷ് എം.എൻ, മറ്റ് കമ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.