ഇന്ത്യൻ സ്കൂളിനെ തകർക്കാൻ ശ്രമിക്കുന്ന തൽപര വ്യക്തികളെ തിരിച്ചറിയണം -സ്കൂൾ ചെയർമാൻ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈനെ സ്വാർഥ താൽപര്യാർഥം തകർക്കാൻ ശ്രമിക്കുന്ന തൽപര വ്യക്തികളെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും പ്രോഗ്രസിവ് പേരന്റ്സ് അലയൻസ് (പി.പി.എ) നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം നവംബർ 29ന് രാവിലെ എട്ടിന് ഇസ ടൗൺ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 2024 വരെ സ്കൂൾ ഫീസ് അടച്ച എല്ലാ രക്ഷിതാക്കളും യോഗത്തിൽ പങ്കെടുക്കാൻ യോഗ്യരാണ്. ഇത് ദീർഘകാലമായി സ്കൂളിൽ നിലനിൽക്കുന്ന കീഴ് വഴക്കമാണ്. എന്നാൽ, ചിലർ അഞ്ച് ദീനാർ വർഷത്തിൽ മെംബർഷിപ് ഫീസ് അടച്ച് സ്കൂൾ ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടത്തുകയാണ്.
ഇത് സ്കൂളിന്റെ നയത്തിനും സുഗമമായ പ്രവർത്തനത്തിനും വിരുദ്ധമാണ്. സാമ്പത്തിക അഴിമതിയും കെടുകാര്യസ്ഥതയും പ്രവർത്തന മാനദണ്ഡമാക്കിയവരെ രക്ഷിതാക്കൾ 10 വർഷം മുമ്പ് പുറത്താക്കിയതാണ്. അതിന്റെ പ്രതികാരം എന്നോണമാണോ സ്കൂളിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി തകർക്കാൻ ഇക്കൂട്ടർ ഇപ്പോഴും ശ്രമിക്കുന്നതും സ്കൂളിനെതിരെ ദുഷ്പ്രചാരണം നടത്തുന്നതുമെന്ന് വ്യക്തമാക്കണം.
700ൽ അധികം വരുന്ന സ്കൂൾ ജീവനക്കാർക്ക് വേതനവും മാറ്റാനുകൂല്യവും നൽകുന്നതിനും, ഇലക്ട്രിസിറ്റി, വാട്ടർ അടക്കമുള്ള സ്കൂളിന്റെ എല്ലാ ദൈനംദിന- വാർഷിക ചെലവുകളും, റിഫ കാമ്പസ് നിർമാണ പ്രവർത്തനത്തിന്റെ ലോണും, സ്ഥല വാടകയും നൽകുന്നതും എല്ലാം സ്കൂൾ ഫീസിൽനിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ്.
സ്കൂളിനെ സംബന്ധിച്ച് പ്രവർത്തന ഫണ്ട് എന്ന് പറയുന്നത് സ്കൂൾ ഫീ മാത്രമാണ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സ്കൂൾ നിലനിൽക്കണമെന്ന കാഴ്ചപ്പാടോടെ മുഴുവൻ ഫീസ് അടച്ചുകൊണ്ട് മാത്രമേ ജനറൽ ബോഡിയിൽ പങ്കെടുക്കേണ്ടതുള്ളു എന്ന തീരുമാനം മുൻകാല ജനറൽ ബോഡി എടുത്തിട്ടുള്ളതും ദീഘകാലമായി രക്ഷിതാക്കൾ അത് നടപ്പാക്കിയിട്ടുള്ളതും.
എന്നാൽ, ബഹ്റൈനിലെ പ്രത്യേക സാഹചര്യം മനസ്സിലാക്കിക്കൊണ്ട് മുൻകാല ഭരണ സമിതി രണ്ടു മാസത്തെ ഇളവ് നൽകിയിട്ടുള്ളതുമാണ്. അതേസമയം ഫീസ് അടക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്ക് പഠിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും കഴിഞ്ഞ 10 വർഷമായി ഭരണ നിർവഹണം നടത്തുന്ന പി.പി.എയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്യുന്നുണ്ട്.
ബഹ്റൈനിലെ ആയിരക്കണക്കിനുവരുന്ന സാധാരണക്കാരായ വിദ്യാർഥികളുടെ അഭയ കേന്ദ്രമാണ് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ഇന്ത്യൻ സ്കൂൾ. വരും കാലപ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ ഉണ്ടാകണമെന്നും ദുഷ്ടലാക്കോടെ സ്കൂളിനെതിരെ ദുഷ്പ്രചാരണം നടത്തുന്നവരെയും സ്കൂളിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി തകർക്കാൻ ശ്രമിക്കുന്നവരെയും രക്ഷിതാക്കളും പൊതുസമൂഹവും തിരിച്ചറിയണമെന്നും സ്കൂൾ ചെയർമാനും പി.പി.എ നേതാക്കളും പ്രസ്താവനയിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.