ഇന്ത്യൻ സ്കൂൾ ലോക സ്കൗട്ട് ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട് ദിനവും ലോക ചിന്താദിനവും റിഫ കാമ്പസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ആഗോള മാറ്റത്തിന് സംഭാവന നൽകുന്നതിൽ കുട്ടികളുടെ പങ്ക് ഊന്നിപ്പറയുന്ന ‘ഒരു നല്ല ലോകത്തിനായി സ്കൗട്ടുകൾ’ എന്നതായിരുന്നു ലോക സ്കൗട്ട് ദിനത്തിന്റെ മുഖ്യ ആശയം. അതോടൊപ്പം, സമൃദ്ധമായ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തത്തിന് അടിവരയിടുന്ന ‘നമ്മുടെ ലോകം, നമ്മുടെ സമ്പന്നമായ ഭാവി’ എന്ന വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു ലോക ചിന്താദിനം.
കുട്ടികളിൽ നേതൃഗുണവും ജീവകാരുണ്യ മനോഭാവവും വളർത്താൻ ഉതകുന്നതായിരുന്നു പരിപാടി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽമാരായ വി.ആർ. പളനിസ്വാമി, പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് കാമ്പസുകളിൽ നിന്നുമായി ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന 250 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ബുൾബുൾ, കബ് അഭിവാദ്യ രീതികൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വിജയകരമായി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
സ്കൗട്ട് മാസ്റ്റർമാരായ ആർ. ചിന്നസാമി, വിജയൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ച 17 ഗൈഡ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പങ്കെടുത്തവരിൽ ഐക്യവും സൗഹൃദവും വളർത്തിയെടുക്കുക മാത്രമല്ല, വളർന്നുവരുന്ന സ്കൗട്ടുകൾക്കും ഗൈഡുകൾക്കും ഇടയിൽ മൂല്യങ്ങൾ ശക്തിപ്പെടുത്താനും ആഘോഷ പരിപാടികൾ ഉതകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.