ഇന്ത്യൻ സ്കൂൾ കുട്ടികളുടെ പഠനം മുടങ്ങരുത്; വിവേചനം അവസാനിപ്പിക്കണം –യു.പി.പി
text_fieldsമനാമ: ഫീസിെൻറ പേരിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് യുനൈറ്റഡ് പേരൻറ്സ് പാനൽ (യു.പി.പി) പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം മറ്റെല്ലാ മേഖലകളിലും എന്ന പോലെ സ്കൂളിനെയും ബാധിച്ചിട്ടുണ്ടാവാം. ഉപയോഗിക്കാത്ത കറൻറിനും ലൈബ്രറിക്കും ഉൾപ്പെടെയുള്ള ഫീസുകൾ ഒഴിവാക്കി ട്യൂഷൻ ഫീസ് മാത്രമായി ഈ പ്രതിസന്ധിസമയത്ത് രക്ഷിതാക്കളിൽ നിന്ന് വാങ്ങിയാൽ മതിയെന്ന് യു.പി.പി നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. അതിനുപകരം മുഴുവൻ ഫീസും വാങ്ങാനാണ് ശ്രമിച്ചത്. ട്രാൻസ്പോർട്ട് ഫീസുവരെ നിർത്തലാക്കാൻ യു.പി.പിക്ക് ആവശ്യപ്പെടേണ്ടിവന്നു.
കമ്യൂണിറ്റി സ്കൂൾ എന്ന രീതിയിൽ സഹകരിക്കാൻ കഴിവും മനസ്സുമുള്ള നിരവധി രക്ഷിതാക്കൾ ഇന്ത്യൻ സ്കൂളിെൻറ മുതൽക്കൂട്ടായുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അങ്ങനെയുള്ള രക്ഷിതാക്കളുടെ സഹായം അഭ്യർഥിക്കുന്നതിനുപകരം കൂടെ നിൽക്കുന്ന കുറെ ആളുകളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയുണ്ടാക്കി അവർക്കിഷ്ടപ്പെട്ട രക്ഷിതാക്കൾക്ക് ഫീസിളവ് നൽകാനാണ് ശ്രമിച്ചത്. അവരെവെച്ച് അടുത്ത ഇലക്ഷൻ വിജയിപ്പിച്ചെടുക്കാം എന്നാണ് ഭരണസമിതി ചിന്തിക്കുന്നത്. അർഹരായ നിരവധി രക്ഷിതാക്കൾക്ക് ഇപ്പോഴും ഫീസിളവ് ലഭിച്ചിട്ടില്ല. എന്നാൽ, രാഷ്്ട്രീയപരമായി കൂടെ നിൽക്കുന്ന പലർക്കും അർഹത ഇല്ലാഞ്ഞിട്ടും ഫീസിളവ് നൽകുകയാണ്.
വെക്കേഷൻ കഴിഞ്ഞ് ക്ലാസുകൾ ആരംഭിച്ചപ്പോൾ ഇന്ത്യൻ സ്കൂളിലെ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാവുന്നില്ല. കടുത്ത പ്രയാസം മൂലം, ചുരുങ്ങിയ ഫീസ് കുടിശ്ശികയുള്ളവരെ പോലും ഓൺലൈൻ ക്ലാസുകളിൽനിന്ന് തടഞ്ഞുനിർത്തിയിരിക്കുകയാണ്. അവർക്കു വേണ്ട നോട്സുകൾ വെബ്സൈറ്റിൽ നിന്നെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരിക്കുകയാണ്. ചെറിയ കുടിശ്ശിക പോലും ബാക്കിയുള്ളവരെ മാറ്റിനിർത്തുമ്പോഴാണ് വലിയ സംഖ്യകൾ കുടിശ്ശികയുള്ള പലർക്കും രാഷ്്ട്രീയപ്രേരിതമായി അനുമതി നൽകുന്നത്.
സ്കൂൾ എല്ലാ വർഷങ്ങളിലും നടത്താറുള്ള ഫെയറിൽ നിന്നുള്ള വരുമാനം മാത്രം മതിയായിരുന്നു ഫീസിളവ് നൽകാനും അധ്യാപകരടക്കമുള്ള ജീവനക്കാർക്ക് വർഷാവർഷം ശമ്പള വർധന നൽകാനും. മൂന്ന് പ്രാവശ്യമായി ഫീസും ട്രാൻസ്പോർട്ട് ഫീസും കൂടിയിട്ടും ഫെയറിൽ നിന്നും ചരിത്ര നേട്ടം കൈവരിച്ചുവെന്ന് സർക്കുലർ മൂലം അറിയിച്ചിട്ടും അധികമായി ലഭിച്ച അഞ്ച് ലക്ഷം ദിനാർ എങ്ങനെ വകമാറ്റി ചെലവഴിച്ചുവെന്ന് ഭരണസമിതി വ്യക്തമാക്കണം. മുൻ ഭരണസമിതി പണിതുയർത്തിയ റിഫ കാമ്പസാണ് ഇന്ന് സ്കൂളിെൻറ പരിതാപകരമായ അവസ്ഥക്ക് കാരണമെന്ന് ഭരണം ലഭിച്ച് ആറ് വർഷമായിട്ടും പറയുന്നത് ഇന്ത്യൻ സമൂഹത്തിനുതന്നെ നാണക്കേടാണ്. സുരക്ഷിതമല്ലാത്ത ഒരു വാടകക്കെട്ടിടത്തിൽ 1000ത്തിൽ താഴെ കുട്ടികൾ മാത്രം പഠിച്ചിരുന്ന സമയത്താണ് ഇന്ന് 5000ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന കാമ്പസ് ഉണ്ടാക്കിയത്. അത് വലിയ അപരാധമായി എന്ന് ഈ ഭരണസമിതിക്കല്ലാതെ മറ്റാർക്കും തോന്നില്ല.
ഇന്ത്യൻ സ്കൂളിന് തിരിച്ചടക്കാൻ കഴിയുമെന്ന് പൂർണവിശ്വാസമുള്ളതുകൊണ്ടുതന്നെയാണ് ഇവിടത്തെ ബാങ്കുകൾ ലോൺ അനുവദിച്ചത്. അമിത ചെലവുകൾ ഒഴിവാക്കി സ്കൂളിെൻറ കാര്യത്തിനായി സമയം ചെലവഴിക്കുന്ന ഭരണസമിതിയായിരുന്നുവെങ്കിൽ റിഫ കാമ്പസിെൻറ മുഴുവൻ ലോണും തീർന്ന് ഇതിനോടകം തന്നെ ഇന്ത്യൻ സ്കൂളിന് സ്വന്തമാകുമായിരുന്നു. സ്കൂൾ ഭരണാധികാരികൾക്കെതിരായ വിമർശനം സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് വരുത്തിത്തീർക്കുന്നത് തികച്ചും അപലപനീയമാണെന്നും യു.പി.പി ഭാരവാഹികളായ എബ്രഹാം ജോൺ, റഫീക്ക് അബ്ദുല്ല, ഫ്രാൻസിസ് കൈതാരത്ത്, ചന്ദ്രബോസ്, യു.കെ. അനിൽ, ശ്രീധർ തേറമ്പിൽ, മോനി ഒടിക്കണ്ടത്തിൽ, എഫ്.എം.ഫൈസൽ , ജ്യോതിഷ് പണിക്കർ, ബിജു ജോർജ്, ദീപക് മേനോൻ, ജമാൽ കുറ്റികാട്ടിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.